കൊച്ചി- നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. സൈബർ ഫോറൻസിക് ലാബിൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരാക്കിയ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ നിർദേശം നൽകിയിരുന്നു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇവരുടെ മൊബൈൽ ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്. ദിലീപ് ഒരു ഫോൺ ഹാജരാക്കിയിട്ടില്ലെന്നും കോടതിയെ കബളിപ്പിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണിൽനിന്ന് 12,000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറിയത്. 2021 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഈ ഫോൺ ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഇതേ തുടർന്ന് രജിസ്ട്രാറുടെ മുൻപാകെയുള്ള ഫോണുകൾ പരിശോധിക്കാൻ പ്രോസിക്യുഷന് അനുമതി നൽകി. കോടതി നിർദേശിച്ച പ്രകാരം എല്ലാ ഫോണുകളും ഹാജരാക്കാത്തതിനാൽ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള വിലക്ക് നീക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പിന്നീട് കോടതി ഈ ഫോണുകൾ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ നിർദ്ദേശം നൽകുകയായിരുന്നു.
കേരളത്തിലെ ഒരു പ്രതിക്കും കിട്ടാത്ത പരിഗണനയാണ് പ്രതികൾക്ക് ലഭിക്കുന്നത് പ്രോസിക്യൂഷൻ ആരോപിച്ചു. പ്രതികൾക്ക് മുൻകൂർ ജാമ്യത്തിനു മാത്രമല്ല സ്വാഭാവിക ജാമ്യത്തിന് പോലും അർഹതയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തേണ്ട കേസാണിതെന്നും ഡി.ജി.പി ബോധിപ്പിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഫോണുകൾ ആവശ്യമെങ്കിൽ മജിസടേറ്റ് കോടതിയിൽ അപേക്ഷ നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.