Sorry, you need to enable JavaScript to visit this website.

യു.പി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ബിഎസ്പിയും സമാജ്‌വാദി പാർട്ടിയും കൈകോർക്കുന്നു

ലഖ്‌നൗ- പൊതു തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം ശേഷിക്കെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് യു.പിയിൽ നിന്നും ശുഭ സൂചന. ബി.ജെ.പി തീപ്പൊരി നേതാവായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലും ഫുൽപൂരിലും നടക്കാനിരിക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബദ്ധവൈരികളായി സമാജ് വാദി പാർട്ടിയും (എസ്.പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) കൈകോർക്കുന്നു. ആദിത്യനാഥ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ഗൊരഖ്പൂർ, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫുൽപൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ മാർച്ച് 11നാണ് വോട്ടെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ 300 സീറ്റുകൾ തൂത്തുവാരിയ ബിജെപി ഇവിടെ രണ്ടിടത്തും അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലിലാണ്.

എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഇതു സംബന്ധിച്ച ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും എസ്പി വക്താവിന്റെ ട്വീറ്റാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകുന്നത്. ഗൊരഖ്പൂരിലും ഫുൽപൂരിലും ബിഎസ്പി എസ്പിയെ പിന്തുണയ്ക്കുമെന്നും ഇതു സംബന്ധിച്ച് മായാവതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എസ്പി വക്താവ് പൻഖുരി പഥക് ട്വീറ്റ് ചെയ്തു. ഈ സഖ്യത്തിലൂടെ വിശാലമായ ബഹുജൻ മതേതര കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഉപതെരഞ്ഞെടുപ്പിൽ ബിഎസ്പി മത്സരിക്കുന്നില്ല. രണ്ടു മണ്ഡലങ്ങളിലും ബിജെപിയുടെ ശക്തരായ എതിരാളി എസ്.പി ആണെന്ന് പാർട്ടി നേതാവ് സുനിൽ സിങ് പറയുന്നു. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ നേരത്തേയും ബദ്ധവൈരികളായ ഈ പാർട്ടികൾ കൈകോർത്തിട്ടുണ്ട്. 1993 യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ച് ജയിച്ച സഖ്യം അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എസ് പി നേതാവ് മുലായം സിങ് ആയിരുന്നു അന്ന് മുഖ്യമന്ത്രിയായത്. എന്നാൽ രണ്ടു വർഷത്തിനു ശേഷം ഈ ബന്ധം വഷളാകുകയും മായാവതി പിന്തുണ പിൻവലിക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ 1995ൽ ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയാകുകയും ചെയ്തു. 

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 17 സീറ്റിലേക്ക് ചുരുങ്ങിപ്പോയ മായാവതിയുടെ ബിഎസ്പി ഇപ്പോൾ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ആരെ പിന്തുണയ്ക്കുമെന്നകാര്യവും പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസുമായി സഖ്യത്തിലുളള എസ്പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. കോൺഗ്രസും എസപിയും ഒന്നിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചത്. ബിഎസിപി കൂടി ഈ സഖ്യത്തെ പിന്തുണയക്കുന്നത് 2019ൽ ദേശീയ തലത്തിൽ വിശാല മതേതര സഖ്യത്തിന് ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.
 

Latest News