അഗർത്തല- സി.പി.എം ഭരണം തകർത്ത് ത്രിപുരയിൽ അധികാരത്തിലെത്തിയ ബി.ജെ.പിക്കു പുതിയ തലവേദനായി സഖ്യ കക്ഷിയായ ആദിവാസി പാർട്ടി രംഗത്ത്. ത്രിപുര വിഭജിച്ച് ആദിവാസികൾക്ക് പുതിയ സംസ്ഥാനം വേണമെന്ന് നിലപാടിൽ മാറ്റമില്ലെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ഇൻഡിജീനസ് പീപ്പൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി). മത്സരിച്ച് ഒമ്പതു സീറ്റിൽ എട്ടിടത്തും അപ്രതീക്ഷിത വിജയം നേടിയ ഐ.പി.എഫ്.ടിയെ കൂടെ കൂട്ടിയാണ് ആദിവാസി മേഖലകളിൽ ബി.ജെ.പി ജയിച്ചു കയറിയത്. തകർജല മണ്ഡലത്തിൽ ജയിച്ച ഐ.പി.എഫ്.ടി അധ്യക്ഷൻ എൻ സി ദെബ്ബർമയാണ് പുതിയ സംസ്ഥാനം വേണമെന്ന ത്രിപുരയിലെ ആദിവാസികളുടെ ആവശ്യത്തിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയത്. ഈ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വരും നാളുകളിൽ ബിജെപി സഖ്യത്തിൽ വിള്ളലുണ്ടാക്കിയേക്കാവുന്ന ശക്തമായ നിലപാടുമായാണ ദെബ്ബർമ രംഗത്തെത്തിയത്. 12,652 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐപിഎഫ്ടി നേതാവ് ദെബ്ബർമയുടെ വിജയം. ഈ തെരഞ്ഞെടുപ്പു ഫലം പുതിയ സംസ്ഥാനം വേണമെന്ന തങ്ങളുടെ ആവശ്യത്തെ ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംസ്ഥാനത്തിനായുള്ള പോരാട്ടം തുടരുമെന്നും ഇത് ത്രിപുരയിലെ ആദിവാസികളുടെ ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ സംസ്ഥാനമെന്ന ആവശ്യം മുൻനിർത്തിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനങ്ങൾ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു,' ദെബ്ബർമ പറഞ്ഞു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന അമ്പിനഗർ, ആശ്രംബാരി, കാഞ്ചൻപൂർ, മണ്ഡയബസാർ, രാംചന്ദ്രഗഢ്, റൈമ വാലി, സിംന, തകർജല സീറ്റുകളിലാണ് ഐപിഎഫ്ടി ജയിച്ചത്. 1997ൽ രൂപീകരിച്ച ഈ പാർട്ടിയെ 2009ൽ പുനരുജ്ജീവിപ്പിച്ചത് ഓൾ ഇന്ത്യ റേഡിയോ മുൻ ഡയറക്ടർ ആയിരുന്ന ദെബ്ബർമയാണ്. ത്വിപ്രലാൻഡ് എന്ന പേരിൽ പുതിയൊരു സംസ്ഥാനം വേണമെന്ന ഒരേ ഒരാവശ്യം മുൻനിർത്തിയായിരുന്നു ദെബ്ബർമ പാർട്ടിയെ നയിച്ചത്. നിരവധി തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇതുവരെ വോട്ടർമാരിൽ ഒരു സ്വാധീനവും ചെലുത്താൻ ഈ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.
സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന ബംഗാളി വോട്ടർമാരെ പാർട്ടിയിൽ നിന്നകറ്റുമെന്ന് ഭയന്ന് ബിജെപി ഇതുവരെ ഐപിഎഫ്ടിയുടെ വിഭജന ആവശ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ പശ്ചാത്തലത്തിൽ തങ്ങളുടെ ആവശ്യം ആദിവാസി പാർട്ടി ഉന്നയിക്കുന്നതോടെ ബിജെപി എന്തു നിലപാടാണ് സ്വീകരിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ബിജെപിയുടേത് വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണെന്ന ആരോപണം സിപിഎം ഉന്നയിച്ചു വരുന്ന ഒന്നാണ്.