പത്തനംതിട്ട- ആദ്യ രാത്രിയില്‍ വധുവിന്റെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്നെന്ന കേസില്‍ വരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം എംഎസ് എച്ച്എസ്എസിനു സമീപം തെക്കേടത്ത്തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 30ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. അന്നു വധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. 31ന് പുലര്‍ച്ചെ 3ന് ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ഫോണ്‍ വന്നെന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കാന്‍ താന്‍ പോകുകയാണെന്നും പറഞ്ഞ് അസറുദ്ദീന്‍ വീട്ടില്‍നിന്നിറങ്ങുകയായിരുന്നു.
കുറച്ചു കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണവും സംഭാവനയായി ലഭിച്ച പണവുമായാണ് അസറുദ്ദീന്‍ പോയതെന്ന് മനസ്സിലായത്.
ഇതോടെ വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ച ശേഷം അടൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നേരത്തെ ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നാതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ ചേപ്പാട്ടെ വീട്ടില്‍ അസറുദ്ദീന്‍ ഉള്ളതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.