Sorry, you need to enable JavaScript to visit this website.

അഖിലേഷിനും ശിവ്പാല്‍ യാദവിനുമെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്ല

ലഖ്‌നൗ- സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തിലും അഖിലേഷിന്റെ പിതൃസഹോദരനും പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ ശിവ്പാല്‍ യാദവ് മത്സരിക്കുന്ന ജസ്വന്ത് നഗറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. മുന്‍ എസ്പി നേതാവായ ശിവ്പാല്‍ മത്സരിക്കുന്നത് എസ് പി ടിക്കറ്റിലാണ്.

യുപി തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഈ മാസം 20 വോട്ടെടുപ്പ് നടക്കുന്ന ഈ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ച ആയിരുന്നു. രാഷ്ട്രീയ സൗഹൃദത്തിന്റെ പേരിലാണ് ഈ പിന്മാറ്റമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ദേശീയ നേതാക്കള്‍ മത്സരിക്കുന്നിടത്ത് പരസ്പരം എതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തിയിലും സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും എസ് പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. 

കര്‍ഹാലില്‍ എസ് പി സ്ഥാനാര്‍ത്ഥിയായ അഖിലേഷിനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ഗ്യാന്‍വതി യാദവിനെ പ്രഖ്യാപിച്ചിരുന്നു. എസ് പിയോടുള്ള ബഹുമാനം കണക്കിലെടുത്താണ് രണ്ടു സീറ്റുകള്‍ ഒഴിച്ചിട്ടതെന്നും ഇവിടെ നാമനിര്‍ദേശ പത്രിക നല്‍കരുതെന്ന് ഹൈകമാന്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നെന്നും മയിന്‍പുരി ജില്ലാ എഐസിസി കോഓഡിനേറ്റര്‍ മനീഷ് ഷാ പറഞ്ഞു. ഇത് രാഷ്ട്രീയ സൗഹൃദത്തിന്റെ ഭാഗമാണെന്നും ഈ പരസ്പര ബഹുമാനം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും ഷാ പറഞ്ഞു. ഇരു പാര്‍ട്ടികളും ബിജെപി വിരുദ്ധരായ മതേതര കക്ഷളാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത് രാഷ്ട്രീയ സൗഹൃദമാണെന്ന് എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

Latest News