ആഗ്ര/മഥുര- നിങ്ങള്‍ ഈ തെരുവിലൂടെ ഒന്ന് നടന്നു നോക്കൂ. ഒരുപാട് ശൗചാലയങ്ങളാണ് ഞങ്ങള്‍ക്ക് വേണ്ടി യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. ഇവിടെ ഒരുപാട് വികസനം വന്നു. ഇനിയും യോഗി അധികാരത്തില്‍ വരണം. ഞങ്ങള്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യൂ. മഥുര നഗരത്തിന് സമീപം ഗോള്‍വാര്‍ക്കര്‍ മാര്‍ഗിലെ തെരുവില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍ സഞ്ജയ് കുമാര്‍ ഇത് പറയുമ്പോള്‍ തന്നെ ക്ഷേത്ര നഗരമായ മഥുര ജില്ല കഴിഞ്ഞ തവണ ബി.ജെ.പി കൈയ്യടക്കി വെച്ചതിന്റെ ആരവം അതില്‍കാണാമായിരുന്നു.
എന്നാല്‍ സഞ്ജയ് കുമാര്‍ പറയുന്നത് പോലെയല്ല ഇത്തവണത്തെ സ്ഥിതിയെന്ന് തെരുവില്‍ പരിചയപ്പെട്ട ആളുകളില്‍ പലരും പറയുന്നു. ഇത്തവണ അഖിലേഷാണ് താരമെന്ന് പറഞ്ഞവര്‍ നിരവധി. തങ്ങളുടെ ഉറച്ച കോട്ടയില്‍ പോലും വിള്ളല്‍ വീഴുമോയെന്നആശങ്ക ബി.ജെ.പി പ്രവര്‍ത്തകരിലുണ്ട്. ആഗ്രയിലേക്കെത്തുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകുന്നു. ആഗ്രയിലെ കച്ചവടക്കാരന്‍ പവന്‍ കുമാറിനെപ്പോലെ ഒരുപാട് പേര്‍ യോഗി സര്‍ക്കാറിനെ വെറുത്ത് കഴിഞ്ഞു. ഇത്തവണ മുസ്ലിം സമുദായത്തിലെ നല്ലൊരു ശതമാനം വോട്ടര്‍മാരും അഖിലേഷിനൊപ്പാമാണെന്ന് ആഗ്രയിലെ മുഹമ്മദ് നസീം പറയുന്നു. ഓരോ ദിവസവും കിട്ടുന്ന തുച്ഛ വേതനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന നസീമിനെപ്പോലുള്ളവരുടെ ജീവിത നിലവാരം യോഗി ഭരണത്തില്‍ കൂടുതല്‍ മോശമായതല്ലാതെ യാതൊരു ഗുണവും ഉണ്ടായിട്ടില്ല.
ആഗ്രയും , മഥുരയും ,മുസഫര്‍ നഗറും ഖാസിയാബാദും, ഖയ്‌റയും അലിഗഢും ഉള്‍പ്പടെ ഫെബ്രുവരി 10 ന് ആദ്യ ഘട്ട ഇലക്ഷ്ന്‍ നടക്കുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ 58 മണ്ഡലങ്ങളില്‍ ഇത്തവണ വെല്ലുവിളി നേരിടുന്നുണ്ടെന്ന കാര്യം ബി.ജെ.പി നേതൃത്വം സമ്മതിക്കുന്നു. മറുവശത്ത് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി സഖ്യത്തിന് വാനോളം പ്രതീക്ഷയാണുള്ളത്. കോണ്‍ഗ്രസിനും ബഹുജന്‍ സാമാജ്‌വാദി പാര്‍ട്ടിയും പ്രചാരണ രംഗത്ത് കാര്യമായി ഉണ്ടെങ്കിലും വലിയ പ്രതീക്ഷയൊന്നും ഇല്ലെന്ന് അവരുടെ പ്രവര്‍ത്തകരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തം. കഴിഞ്ഞ വര്‍ഷം ബി.ജെ.പി ഏതാണ്ട് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഒന്നാം ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ വലിയ വിജയം നേടാനായാല്‍ ഇത്തവണ ഭരണം കൈപ്പിടിയിലൊതുങ്ങുമെന്ന് സമാജ്‌വാദി പാര്‍ട്ടി കണക്കു കൂട്ടുന്നുണ്ട്. ബി.ജെ.പിയാകട്ടെ കഴിഞ്ഞ തവണ തങ്ങള്‍ സര്‍വാധിപത്യം പുലര്‍ത്തിയ പശ്ചിമ യു.പിയിലെ മണ്ഡലങ്ങളെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ഭയപ്പടുന്നത്.
കര്‍ഷകരുടെ ബി.ജെ.പി വിരുദ്ധ വികാരം തന്നെയാണ് പശ്ചിമ യു.പിയില്‍ എസ്.പി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മുസഫര്‍ നഗര്‍, അലിഗഢും ഉള്‍പ്പടെയുള്ള മുസ്‌ലിംമേഖലകളില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംകളില്‍ വലിയൊരു വിഭാഗത്തിന്റെ വോട്ട് ബി.ജെ.പി നേടിയിരുന്നു. അതാണ് ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പശ്ചിമ യു.പിയിലെ ചില മണ്ഡലങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ഇത്തവണ അതിന് നേരെ വിപരീതമായ വികാരമാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ കാണുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നയങ്ങള്‍ അതിനേക്കാള്‍ കൂടുതല്‍ ശക്തമായ തോതില്‍ യോഗി സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്നാണ് മുസ്ലിംകള്‍ക്കിടയിലെ പൊതു വികാരം. തെരഞ്ഞെടുപ്പ് പ്രതികരണത്തിനായി അവരെ സമീപിച്ചപ്പോള്‍ സാധാരണക്കാരായ ആളുകള്‍ അക്കാര്യം തുറന്ന് പറയാന്‍ മടിക്കുന്നില്ല. സര്‍ക്കാര്‍നടപടികള്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. കരിമ്പ് കര്‍ഷകരും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ജാട്ട്, യാദവ വോട്ടുകള്‍ ഇവിടെ നിര്‍ണായകമാണ്.
കര്‍ഷക പ്രക്ഷോഭം മുതലെടുത്ത് വോട്ട് നേടാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ശ്രമമെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍കായി വിഭജിക്കപ്പെട്ടു പോകുമെന്നത് അവരെ ആശങ്കപ്പടുത്തുന്നുണ്ട്. 2017 ല്‍ പശ്ചിമ യു പിയിലെ പ്രധാന 58 സീറ്റുകളില്‍ 53 സീറ്റുകളും നേടി മൃഗീയ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയിരുന്നത്.
കാടടച്ചുള്ള പ്രചാരണത്തിനല്ല, മറിച്ച് വിവിധ ജാതി വിഭാഗങ്ങളുടെ പ്രാദേശിക നേതൃത്വങ്ങളെ പാട്ടിലാക്കി വോട്ടു തേടാനാണ് ആഗ്രയിലും മധുരയിലുമെല്ലാം എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം പരസ്യ പ്രചാരണങ്ങള്‍ കുറവാണ്. കൊടി കെട്ടി ചീറിപ്പായുന്ന ഏതാനും വാഹനങ്ങളും വോട്ട് അഭ്യത്ഥിച്ചു കൊണ്ടുള്ള ഹോര്‍ഡിംഗുകളുമാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രതീതി ജനിപ്പിക്കുന്നത്. വെറുതെ കുറേ പണം മുടക്കി ബോര്‍ഡുകളും ബാനറുകളും അടിച്ചത് കൊണ്ട് വോട്ട് കിട്ടില്ലെന്നും വിവിധ ഗ്രൂപ്പുകളെ സ്വാധീനിച്ച് വോട്ട് നേടാനുള്ള തന്ത്രങ്ങളാണ് എല്ലാവരും നടത്തുന്നതെന്നും മഥുരയിലെ ബി.എസ്.പി നേതാക്കള്‍ മലയാളം ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തിലെ എല്ലാ കവലകളിലും സ്ഥാനാര്‍ത്ഥിയെ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം വലിയ റാലികള്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്.
കോണ്‍ഗ്രസിന് വലിയ സ്വാധീനമൊന്നും പശ്ചിമ യു.പിയില്‍ അവകാശപ്പെടാനില്ലെങ്കിലും ഇത്തവണ കുറച്ച് സീറ്റുകളെങ്കിലും നേടാമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും കോണ്‍ഗ്രസ് വലിയ ജാഗ്രത പുലര്‍ത്തിയിട്ടില്ല.