ഷില്ലോംഗ്- മേഘാലയയില്‍ പ്രാദേശിക പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമം ബി.ജെ.പി ഊര്‍ജിതമാക്കി. ഗോവയില്‍ ഭരണം പിടിച്ചതു പോലെയുള്ള നീക്കങ്ങളിലാണ് ബി.ജെ.പി. കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജിജു എന്നിവരാണു സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു.
അന്തരിച്ച പി.എ. സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ(എന്‍.പി.പി) കൂട്ടുപിടിക്കാനാണു ബി.ജെ.പിയുടെ ശ്രമം. 19 സീറ്റുനേടിയ എന്‍.പി.പിയെ കൂട്ടുപിടിച്ചാല്‍ രണ്ടു സീറ്റ് നേടിയ ബി.ജെ.പിക്കും ഭരണം ഉറപ്പിക്കാം. ആറ് സീറ്റുള്ള യു.ഡി.പിയും രണ്ട് സീറ്റുള്ള എച്ച.്എസ്.പി.ഡി.പിയും ബി.ജെ.പിയെ പിന്തുണക്കുമെന്നാണു സൂചന.
മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍നാഥുമാണ് ചരടുവലിക്കുന്നത്.