ന്യൂദല്‍ഹി- രാജ്യാന്തര എണ്ണവിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന് 8.5 ശതമാനം വില വര്‍ധനവ് പ്രാബല്യത്തിലായതോടെ രാജ്യത്തുടനീളം വിമാന ഇന്ധന നിരക്ക് റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു.
ജെറ്റ് ഫ്യുവല്‍ അഥവാ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) വില ഒരു മാസത്തിനിടെ മൂന്നാം തവണയും വര്‍ധിപ്പിച്ചപ്പോള്‍, തുടര്‍ച്ചയായ 88-ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം എടിഎഫ് വില കിലോലിറ്ററിന് 6,743.25 രൂപ അല്ലെങ്കില്‍ 8.5 ശതമാനം വര്‍ധിച്ച് കിലോലിറ്ററിന് 86,038.16 രൂപയായി.
എടിഎഫ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2008 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 147 ഡോളറിലെത്തിയപ്പോള്‍ കിലോലിറ്ററിന് 71,028.26 രൂപയേക്കാള്‍ ഉയര്‍ന്നതാണ് നിരക്ക്. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 91.21 ഡോളറായിരുന്നു.