ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്ന ഉദ്യോഗസ്ഥരായി ചമഞ്ഞ് വാട്‌സാപ്പ് ഹാക്ക് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
വാക്‌സിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ഒ.ടി.പി അയച്ച് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇരകളാക്കപ്പെട്ടവര്‍ക്ക് പണം അയക്കുന്നതിന് ബന്ധുക്കളുടെ പേരില്‍ മെസേജ് അയക്കുകയായിരുന്നു.
വാക്‌സിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തി കോവിഡ് ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യുന്നതിന് കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുന്ന കോള്‍ റോക്കോര്‍ഡിംഗ് പോലീസ് പങ്കുവെച്ചു.
സംഘത്തിനെതിരെ 25 പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. ആഗ്ര സ്വദേശി മനീഷ് കുമാര്‍, സഹായികളായ രോഹിത് സിംഗ്, കൗശലേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്താണ് വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ പഠിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.