ലഖ്‌നൗ- പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരു കൈ നോക്കുന്നു.
ലഖ്‌നൗവിലെ സരോജിനി നഗര്‍ അസംബ്ലി സീറ്റിലാണ് 56 കാരന്‍ സ്ഥാനാര്‍ഥിയാകുന്നത്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചുവെങ്കിലും പാര്‍ട്ടിയില്‍നിന്ന് മറുപടി ലഭിച്ചില്ലെന്ന് പഥക്ക് പറഞ്ഞു.
താനൊരു മോഡി ഭക്തനാണെന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ശേഷം യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ സഹായിക്കുമെന്നും അഭിനന്ദന്‍ പഥക് പറഞ്ഞു.
ലഖ്‌നൗവില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രസിഡണ്ട് ജെ.പി.നദ്ദക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. ബി.ജെ.പിക്ക് എന്നെ അവഗണിക്കാം. പക്ഷേ ഞാന്‍ മത്സരിച്ച് ജയിക്കുകയും യോഗിയെ രണ്ടാമതും മുഖ്യമന്ത്രിയാകാന്‍ സഹായിക്കുകയും ചെയ്യും. ഇതാദ്യമായല്ല ബി.ജെ.പി തനിക്ക് ടിക്കറ്റ് നിഷേധിക്കുന്നത്.
ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പോയിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിംഗ് അവിടെ ഒരു ദിവസം തങ്ങാനുള്ള സൗകര്യം പോലും ഒരുക്കിത്തന്നില്ല. തനിക്ക് ഒറിജിനല്‍ മോഡിയും ഡ്യൂപ്പ് മോഡിയും വേണ്ടെന്നാണ് രമണ്‍ സിംഗ് പറഞ്ഞിരുന്നത്- പഥക് പറഞ്ഞു.
വിവാഹ മോചിതനായ ശേഷം ട്രെയിനുകളില്‍ കക്കിരി വില്‍പന നടത്തുകയാണ് പഥക്. സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കാത്തതിനാലാണ് ഭര്യ മീര വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹാറന്‍പൂരില്‍നിന്ന് മത്സരിച്ച ശേഷമാണ് താന്‍ സാമ്പത്തികമായി തകര്‍ന്നതെന്നും മൂന്ന് പുത്രിമാരടക്കം ആറ് മക്കളുള്ള പഥക് പറഞ്ഞു.