കൊല്ലം- വിസ്മയ കേസിൽ വഴിത്തിരിവ്: പ്രതി കിരൺകുമാറിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.പോലീസിൽ കൊടുത്ത മൊഴി നിഷേധിച്ച 11-ാം സാക്ഷി സദാശിവൻപിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജിന്റെ അഭ്യർത്ഥന കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി അനുവദിച്ചു. ഒന്നാം പ്രതി കിരണിന്റെ പിതാവാണ് സദാശിവൻപിള്ള.
സംഭവദിവസം വിസ്മയയും കിരണും തമ്മിൽ വഴക്ക് കൂടിയെന്നും വിസ്മയയെ കഴുത്തിലെ കെട്ടഴിച്ച് ബാത്റൂമിൽ കിടക്കുന്ന നിലയിലാണ് താൻ കണ്ടതെന്നുമാണ് സദാശിവൻപിള്ള പോലീസിൽ നൽകിയ മൊഴി. കിരണിന്റെ ശബ്ദം കേട്ട് താൻ മുകൾ നിലയിലെ അവരുടെ മുറിയിലെത്തിയപ്പോൾ ബാത്റൂമിന്റെ വാതിൽ അടഞ്ഞുകിടക്കുന്നതായും വിളിച്ചിട്ട് വിളികേൾക്കാത്തതിനാൽ താനും കിരണും കൂടി വാതിൽ തള്ളിത്തുറന്ന് ബാത്റൂമിൽ കയറിയപ്പോൾ വിസ്മയ തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെഎൻ സുജിത് മുമ്പാകെ വിസ്താര വേളയിൽ സദാശിവൻപിള്ള പറഞ്ഞത്.
താനും കൂടി ചേർന്ന് വിസ്മയയെ താങ്ങിയഴിച്ച് ബാത്റൂമിൽ കിടത്തി. കിരൺ നെഞ്ചത്ത് ശക്തിയായി അമർത്തുകയും കൃത്രിമശ്വാസം കൊടുക്കുകയും ചെയ്തു. എന്നാൽ മൂക്കിൽ വിരൽ വച്ച് നോക്കിയപ്പോൾ മരിച്ചതായി മനസ്സിലാക്കി. കിരൺ കട്ടിലിൽ വന്നിരുന്നപ്പോൾ തലയിണയുടെ അടിയിൽ ഒരു ആത്മഹത്യാ കുറിപ്പ് കണ്ടുവെന്നും ഇത് പോലീസിൽ അറിയിക്കേണ്ട കേസ് ആയതിനാൽ ശവശരീരം അവിടെയിട്ടിട്ട് ആത്മഹത്യക്കുറിപ്പുമായി താൻ പോലീസ് സ്റ്റേഷനിൽ പോയി എന്നും സദാശിവൻപിള്ള മൊഴി നൽകി.