കൊച്ചി- വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് കോടതിയോട് ആവശ്യപ്പെടുക.