തിരുവനന്തപുരം- രോഗിയുടെ ബന്ധുവിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തി. ജൂനിയര്‍ റെസിഡന്റ് ഡോ. അനന്തകൃഷ്ണനെക്കുറിച്ചാണ് പരാതിയുയര്‍ന്നത്.
മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള തര്‍ക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ ഡ്യൂട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി.
കഴിഞ്ഞ ദിവസം രോഗിയുടെ എക്‌സ്റേ എടുക്കാന്‍ ഡോക്ടര്‍ എഴുതിയ കുറിപ്പടിയില്‍ ലാബ് ടെക്നീഷ്യന്‍ സംശയമുന്നയിച്ചു. തെറ്റാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍, തന്നെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞപ്രകാരം എക്‌സ്റേ എടുത്താല്‍ മതിയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്നാണ് ഡോക്ടറും രോഗിയുടെ ബന്ധുക്കളും വാക്കേറ്റമുണ്ടായത്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.