അഗർത്തല- ഇടതു കോട്ടയെ ഞെട്ടിച്ച് ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുത്തതോടെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിപ്ലബ്് കുമാർ ദേവ് മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അഗർത്തലയിലെ ബനമലിപൂർ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി അമൽ ചക്രബർത്തിയെ ബഹുദൂരം പിന്നിലാക്കി മുന്നേറുന്ന ബിപ്ലബ് കുമാറിനെ ത്രിപുരയിൽ തിരിച്ചെത്തിച്ചത് ആർ എസ് എസ് ആണ്. ഉന്നത വിദ്യാഭ്യാസത്തിനായി 15 വർഷം മുമ്പ് നാടു വിട്ട് ദൽഹിയിലേക്കു കുടിയേറിയ ഈ 48കാരൻ ആർ എസ് എസ് പരിശീലിപ്പിച്ചെടുത്ത തുറുപ്പു ചീട്ടാണ്. മുഖ്യമന്ത്രി മാണിക് സർക്കാരിനേക്കാൾ ഉയർന്ന ജനപ്രീതി ബിപ്ലബിനുണ്ടെന്ന് തെരഞ്ഞെടുപ്പിനു മുമ്പുള്ള സർവേ ഫലങ്ങൾ ഉണ്ടായിരുന്നു.
സിപിഎമ്മിനെതിരായ ആർ എസ് എസിന്റെ ത്രിപുര തന്ത്രത്തിന്റെ ഭാഗമായി 2016ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി എത്തുന്നതു വരെ ബിപ്ലബ്് കുമാർ ദൽഹിയിൽ ഒരു പ്രൊഫഷണൽ ജിം പരിശീലകനായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാർലമെന്റ് സ്ട്രീറ്റ് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജറാണ് ഭാര്യ. ത്രിപുര ബിജെപിയുടെ ചുമതല വഹിക്കുന്ന ദേശീയ നേതാവ് സനിൽ ദേവ്ധർ ആയിരുന്നു ആർ എസ് എസിൽ അദ്ദേഹത്തിന്റെ പരിശീലകൻ. കെ എൻ ഗോവിന്ദാചാര്യ ഗുരുവും. ത്രിപുരയിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ബിപ്ലബ് കുമാർ മധ്യപ്രദേശിലെ സത്‌ന ബിജെപി എംപി ഗണേഷ് സിങിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ബിപ്ലബ്് കുമാറിനെ ത്രിപുരയിലെത്തിക്കുക എന്നത് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ നീക്കമായിരുന്നു. ബിജെപിക്ക് ആവശ്യമായ യുവത്വവും സ്വീകാര്യതയുള്ള പ്രാദേശിക മുഖവും അനുകൂല ഘടകമായി. ആർ എസ് എസ് പശ്ചാത്തലമുള്ള ബിജെപിയ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യ തന്ത്രജ്ഞനും മുൻ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിസ്വ ശർമ എന്നിവരോടൊപ്പം ചേർന്ന് ത്രിപുര പിടിച്ചടക്കാൻ ബിപ്ലബ്് കുമാർ ദേബിനു കഴിയുമെന്ന ബിജെപിയുടെ കണക്കു കൂട്ടലാണ് വിജയം കണ്ടത്.
തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തുടങ്ങിയ വേളയിൽ തന്നെ ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ദേശീയ അധ്യക്ഷൻ അമിത് ഷാ ഇതു അനുവദിച്ചില്ല. ആദ്യം തെരഞ്ഞെടുപ്പു ജയിക്കുക, എന്നിട്ടു മതി മുഖ്യമന്ത്രി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പാർട്ടി അധ്യക്ഷനായി രണ്ടു വർഷക്കാലം കൊണ്ട് ബിജെപിക്ക് ത്രിപുരയിൽ ഒന്നുമില്ലായ്മയിൽ നിന്ന് അടിത്തറ ഉണ്ടാക്കിയ ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.