ന്യൂദല്‍ഹി- ഇന്ത്യയില്‍ ഹിന്ദു ദേശീയത വളര്‍ന്ന് വരുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്ന മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കേന്ദ്ര സര്‍ക്കാരും ബിജെപിയും വീണ്ടും രംഗത്ത്. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു വെര്‍ച്വര്‍ പാനല്‍ ചര്‍ച്ചയിലാണ് ഹാമിദ് അന്‍സാരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അന്‍സാരിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നാല് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളും ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു.
ഇതിനു മറുപടിയായി ഇന്ത്യയ്ക്ക് മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യ കരുത്തുറ്റതും ഊര്‍ജസ്വലവുമായ ജനാധിപത്യമാണ്. മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പരിപാടിയുടെ സംഘാടകരുടെ മുന്‍വിധികളും പങ്കെടുത്തവരുടെ രാഷ്ട്രീയ താല്‍പര്യങ്ങളും നന്നായി അറിയാവുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി മറുപടി നല്‍കിയിരുന്നു.
"സുസ്ഥാപിതമായ നാഗരിക ദേശീയതയെ തള്ളുന്ന പുതിയൊരു സാംസ്‌കാരിക ദേശീയതയുടെ സാങ്കല്‍പ്പിക സമ്പ്രദായം വളര്‍ന്ന് വരുന്നതായാണ് നമ്മുടെ സമീപ കാല അനുഭവം. ഇത് ഒരു മതഭൂരിപക്ഷത്തെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ വേഷത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പൗരന്മാരെ അവരുടെ മതത്തിന്റെ പേരില്‍ വേര്‍ത്തിരിക്കുകയാണ് ഇവരുടെ ആഗ്രഹം"- എന്നായിരുന്നു അന്‍സാരിയുടെ വാക്കുകള്‍.
ഉപരാഷ്ട്രപതി ആയിരിക്കെ മോഡി സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായ ഭിന്നതകളെ കുറിച്ച് ഹാമിദ് അന്‍സാരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലി അന്‍സാരിക്കെതിരെ ബിജെപിയും സംഘപരിവാറും വിദ്വേഷ ആക്രമണവും നടത്തിയിരുന്നു. മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ നേരിട്ട കാര്യം ഹാമിദ് അന്‍സാരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പക കാരണമാകാം പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിനെതിരെ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ മുതിര്‍ന്ന നയതന്ത്രജ്ഞനും എഴുത്തുകാരനും അക്കാദമിക് വിദ്ഗധനുമായ ഹാമിദ് അന്‍സാരിയെ യുപിഎ സര്‍ക്കാരാണ് ഉപരാഷ്ട്രപതി പദവിയിലെത്തിച്ചത്. മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണനു ശേഷം ദീര്‍ഘകാലം ഉപരാഷ്ട്രപതി പദവിയിലിരുന്ന ഒരേ ഒരു നേതാവാണ് ഹാമിദ് അന്‍സാരി. തുടര്‍ച്ചയായി രണ്ടു ടേമുകളില്‍ അദ്ദേഹം ഉപരാഷ്ട്രപതിയായി. 2017ല്‍ അവസാനിച്ച രണ്ടാം ടേമിന്റെ അവസാന മൂന്ന് വര്‍ഷം മോഡി സര്‍ക്കാരിനു കീഴിലായിരുന്നു.