ന്യൂദല്‍ഹി- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികള്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു. വിഷയത്തില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ അടക്കം ഇടപെട്ടിരുന്നു.
പൊതുവികാരം മാനിച്ച് എസ്.ബി.ഐ തീരുമാനം പുനപ്പരിശോധിക്കുകയാണന്ന് പ്രസ്താവയില്‍ പറഞ്ഞു. നേരത്തെയുള്ള ചട്ടങ്ങള്‍ തന്നെ തുടരും.
മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എസ്.ബി.ഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.
പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് നോട്ടീസില്‍ പറയുന്നു. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്.ബി.ഐ പുറത്തിറക്കിയത്. മൂന്നുമാസമോ അതിലേറെയോ ആയ ഗര്‍ഭമുള്ള ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നാണ് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്.