ന്യൂദല്‍ഹി- 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പിട്ട 200 കോടി ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ വിവാദ ചാര സോഫ്റ്റ്‌വെയറായ പെഗസസ് വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപോര്‍ട്ട്. പെഗസസും മിസൈല്‍ സംവിധാനവുമായിരുന്നു ഈ കരാറിലെ പ്രധാന ഇടപാടുകളെന്നും യുഎസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായില്‍ സൈബര്‍ സുരക്ഷാ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ചതാണ് പെഗസസ്. ഇത് സര്‍ക്കാരുകള്‍ക്കു മാത്രമെ വില്‍ക്കൂവെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയില്‍ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി പെഗസസ് ഉപയോഗിച്ചുവെന്ന റിപോര്‍ട്ട് നേരത്തെ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പെഗസസ് വാങ്ങിയ കാര്യം കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. ഇസ്രായിലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
പെഗസസ് വിവാദം കൊഴുത്തതോടെ ഇതുപയോഗിച്ച് രഹസ്യ നിരീക്ഷണത്തിന് ഇരകളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇതന്വേഷിക്കാന്‍ സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമിതി ഇരകളില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് വിവരങ്ങള്‍ തേടിയിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പെഗസസ് സ്‌പൈവെയര്‍ വാങ്ങിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നില്ല.