കൊല്ലം- പ്രമാദമായ വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പിതാവിനെയും ബന്ധുക്കളെയും തിങ്കളാഴ്ച വിസ്തരിക്കും.
കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
സ്ത്രീധനമായി നല്കിയ കാറിന്റെയും സ്വര്‍ണത്തിന്റെയും പേരില്‍ കിരണ്‍ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി ഉറ്റ കൂട്ടുകാരി വിദ്യ കഴിഞ്ഞ ദിവസം നടന്ന വിസ്താരവേളയില്‍ കോടതിയില്‍ മൊഴി നല്കി. ജഡ്ജി കെ.എന്‍. സുജിത്ത് മുന്‍പാകെ ആയിരുന്നു മൊഴി നല്‍കിയത്.ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരണ്‍ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടില്‍ നിര്‍ത്തി പോയിരിക്കുകയാണെന്നും
വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ മൊഴി നല്കി.
വിസ്മയയുടെ സഹോദരന് വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടില്‍ പോയ ശേഷം വാട്സാപ്പിലും ഫെയ്സ്ബുക്കിലും മെസഞ്ചറിലും
ചാറ്റ് ചെയ്തിരുന്നു. കിരണ്‍ വരുമ്പോള്‍ വിസ്മയ സംസാരിക്കാറില്ലായിരുന്നു.
കിരണിന്റെ മുന്നില്‍ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും തനിക്ക് ചാറ്റ് ചെയ്തിരുന്നു.എങ്ങനെയെങ്കിലും കിരണിന്റെ വീട്ടില്‍ നിന്നു പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചതായും സാക്ഷി മൊഴി നല്കി.
വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാര്‍ഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പറഞ്ഞു കരഞ്ഞു. സംസാരം അവിചാരിതമായി തന്റെ ഫോണില്‍ റെക്കോര്‍ഡ് ആയതായി
വിദ്യ മൊഴി നല്കി. ഫോണിലെ സംസാരവും ചാറ്റും സാക്ഷി തിരിച്ചറിഞ്ഞു.
വിസ്മയ കരഞ്ഞുകൊണ്ടു വീട്ടിലേക്കു കയറിവന്നെന്നും കിരണ്‍ കൂടെ ഉണ്ടായിരുന്നതായും കിഴക്കേകല്ലട സ്വദേശി ഷൈല മൊഴി നല്കി.
കൊല്ലത്തു നിന്നു വരുമ്പോള്‍ കാറിന്റെ കാര്യം പറഞ്ഞു കിരണ്‍ വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി വിസ്മയ പറഞ്ഞു.
കിരണ്‍ ഉടന്‍ ഇറങ്ങി നടന്നു പോയി. പിന്നീട് വിസ്മയ അച്ഛനെ ഫോണില്‍ വിളിച്ചു. അതിനു ശേഷം കുറേക്കഴിഞ്ഞു കിരണ്‍ വന്നു വിളിച്ചു കൊണ്ടുപോയതായും ഷൈല മൊഴി നല്കി. യാത്ര ചെയ്യവേയുണ്ടായ തര്‍ക്കത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിസ്മയ കാറില്‍ നിന്ന് ഇറങ്ങി വഴിയോരത്തെ തന്റെ
കയറിയതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ഷൈലയുടെ മൊഴി.
വിവാഹശേഷം തന്നെ വിളിക്കാന്‍ വിസ്മയയെ കിരണ്‍ അനുവദിച്ചിരുന്നില്ലെന്ന് ഹോസ്റ്റല്‍ വാര്ഡന് ഇന്ദിര മൊഴി നല്കി.
വിസ്മയയുടെ സമീപവാസി സാബുജാനും മൊഴി നല്കി. കരയോഗം ഭാരവാഹി പ്രേമചന്ദ്രന് വിസ്മയയുടെ വിവാഹ റജിസ്റ്റര്‍ ഹാജരാക്കി.പ്രശ്നങ്ങള്‍ കരയോഗത്തില്‍ ചര്‍ച്ചയ്ക്കു വച്ചിരുന്നെങ്കിലും നടന്നില്ല. വിസ്മയയുടെ ബന്ധു രാധാകൃഷ്ണ കുറുപ്പും മൊഴി നല്കി. 2021 ഫെബ്രുവരി 26നു ഫെയ്സ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിള്‍ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തതായി മോട്ടിവേഷനല്‍ സ്പീക്കര്‍ നിപിന് നിരാവത്തും മൊഴി നല്കി.
പഠിക്കാന്‍ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോള്‍ സ്ത്രീധനത്തിനു വേണ്ടി ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസിലായി.
വിസ്മയയുടെ മുഖത്ത് കിരണ്‍ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തിന് ശ്രമിക്കാത്തത്
എന്താണെന്നു ചോദിച്ചപ്പോള്‍ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ
ബന്ധപ്പെടാന്‍ പറയുകയും നമ്പര്‍ നല്‍കിയതായും സാക്ഷി മൊഴി നല്കി.