ന്യൂദൽഹി - ഹജ് സബ്‌സിഡി നിർത്തലാക്കിയ പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് ആശ്വാസമായി വിമാന യാത്രാ നിരക്കുകളിൽ ഗണ്യമായ കുറവ് വരുത്തിയതായി രണ്ടു ദിവസം മുമ്പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ദൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് പ്രഖ്യാപിച്ചിരുന്നു. ആരും ചോദ്യം ചെയ്യാത്ത ഈ അവകാശവാദം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ നാലു വർഷം മുമ്പുള്ള കണക്കുകൾ ഉദ്ധരിച്ച് ഇത്തവണ യഥാർത്ഥത്തിൽ വർധിപ്പിച്ച നിരക്കുകളിൽ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധരിപ്പിക്കലായിരുന്നു. ഈ വർഷം കുറഞ്ഞെന്നു സർക്കാർ പറയുന്ന നിരക്കുകൾ മന്ത്രി താരതമ്യം ചെയ്തത് യുപിഎ സർക്കാർ ഭരണകാലതതെ 2013-14 വർഷത്തെ ഹജ് വിമാനടിക്കറ്റ് നിരക്കുമായാണ്. ഒരു ലക്ഷത്തോളം രൂപയുടെ കുറവുണ്ടായി എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. എന്നാൽ കേരളത്തിൽ തീർത്ഥാടകർക്കു തന്നെ ഇത്തവണ ടിക്കറ്റിന് അധികം നൽകേണ്ടത് പതിനായിരത്തിലേറെ രൂപയാണ്.
കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇത്തവണ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് മന്ത്രി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചത്. സബ്‌സിഡി നിർത്തലാക്കിയ മറവിലാണ് സർക്കാർ പച്ചക്കള്ളം പറയുന്നത്. കഴിഞ്ഞ വർഷം ഹജിന് പോയ തീർത്ഥാടകർ നൽകിയ വിമാന ടിക്കറ്റ് നിരക്ക് യഥാർത്ഥത്തിൽ നൽകിയതിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ ഈ അധിക തുക സബ്‌സിഡി ആയി സർക്കാർ 'വഹിച്ചതുകൊണ്ട്്' തീർത്ഥാടകർക്ക് ഭാരമായില്ലെന്നു മാത്രം. സബ്‌സിഡി നിർത്തലാക്കിയ പശ്ചാത്തലത്തിൽ ഈ വർഷം മുതൽ യാത്രാ നിരക്ക് മുഴുവനായും തീർത്ഥാടകർ വഹിക്കണം. സബ്‌സിഡി ഇതുവരെ ഒരു സഹായവും ആയിട്ടില്ലെന്നു മാത്രമല്ല, അതു നിർത്തലാക്കിയതോടെ ചില തീർത്ഥാടകർക്ക് അധിക ചെലവുണ്ടാക്കുകുയം ചെയ്യുന്നു.
ഈ കണക്കുകളിൽ നിന്ന് കൂടുതൽ വ്യക്തത ലഭിക്കും.
2017ൽ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കു പോയ ഹജ് തീർത്ഥാടകരിൽ നിന്ന് ഈടാക്കിയ വിമാന ടിക്കറ്റ് നിരക്ക് 65,625 രൂപയായിരുന്നു. ഹജ് സബ്‌സിഡി എന്ന പേരിൽ കേന്ദ്ര സർക്കാർ എയർ ഇന്ത്യയ്ക്കു നൽകിയ പണം കൂടി കണക്കിലെടുത്താൽ ഈ നിരക്ക് ഇതിലേറെ വരും. എന്നാൽ സർക്കാർ ടിക്കറ്റ് നിരക്ക് കാര്യമായി കുറച്ചു എന്നു പറയുന്ന ഈ വർഷം കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും പറക്കുന്ന തീർത്ഥാടകർ 76,372 രൂപ നൽകണം. ഇത്തവണ നിരക്ക് കുറവുള്ളത് ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകർക്കു മാത്രമാണ്. അതും വെറും ഒരു രൂപയുടെ മാത്രം ഇളവ്. 2017ൽ ഹൈദരാബാദിൽ നിന്നുള്ള ഹാജിമാരിൽ നിന്ന് 65,656 രൂപ ടിക്കറ്റിന് ഈടാക്കിയെങ്കിൽ ഇത്തവണ ഇവിടെ നിന്നു പോകുന്നവർ 65,655 രൂപ നൽകിയാൽ മതിയത്രെ.
രാജ്യത്ത് 21 വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ് സർവീസുള്ളത്. ഓരോയിടത്തേയും കഴിഞ്ഞ വർഷത്തെ നിരക്കുകളേക്കാൾ കൂടുതലാണ് പുതിയ നിരക്കുകൾ. ന്യൂദൽഹിയിൽ നിന്ന് കഴിഞ്ഞ വർഷം 67,419 രൂപ ആയിരുന്നത് ഇത്തവണ 73,697 രൂപയായി വർധിച്ചു. മുംബൈയിൽ നിന്നുള്ള നിരക്കായ 58,254 രൂപയിൽ മാറ്റമില്ല. അഹമ്മദാബാദിലെ നിരക്കായ 63,135 രൂപയിലും മാറ്റമില്ല. ശ്രീനഗറിൽ നിന്ന് 68,510 രൂപ ആയിരുന്നത് 1.09 ലക്ഷം രൂപയായി വർധിച്ചു. ഗുവാഹത്തിയിൽ നിന്ന് 65,988 രൂപയായിരുന്നത് 1.15 ലക്ഷം രൂപയായി. മംഗലാപുരത്ത് നിന്ന് കഴിഞ്ഞ തവണ 69,645 രൂപയായിരുന്നു. ഇതിപ്പോൾ 1.05 ലക്ഷം രൂപയായി വർധിച്ചു. ചെന്നൈയിലെ പഴയ നിരക്കായ 66,304 രൂപ 83,832 ആയി വർധിച്ചു.
കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചുമുളള ശരാശരി ടിക്കറ്റ് നിരക്ക് 40,000-45,000 രൂപയാണ്. എന്നാൽ ബിജെപി സർക്കാർ കുറച്ചെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന നിരക്ക് 76,372 രൂപയും! സ്വകാര്യ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയോളം അധിക തുക. റോഡു പണിക്കും പാലം പണിക്കും മെട്രോ റെയിൽ നിർമ്മാണത്തിനു വരെ ടെൻഡർ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ കരാറെടുക്കുന്ന സർക്കാരിന് ഹജ് വിമാന സർവീസും ടെൻഡർ വിളിച്ച് കുറഞ്ഞ നിരക്കിൽ തീർത്ഥാകടരെ കൊണ്ടു പോകാൻ തയാറുള്ള സ്വകാര്യ വിമാനക്കമ്പനികളെ എന്തു കൊണ്ടു ഈ ജോലി ഏൽപ്പിച്ചു കൂടാ എന്നതാണ് ചോദ്യം.
ഹജിന് സബ്‌സിഡി നൽകി കോൺഗ്രസ് മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്ന് ബിജെപിയും സംഘപരിവാറും ആരോപിക്കുമ്പോൾ തന്നെ ഈ സബിഡിഡി കൊണ്ട് ഗുണം ലഭിച്ച സർക്കാരിന്റെ സ്വന്തം വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്കു മാത്രമാണെന്ന് പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യമാണ്. സബ്‌സിഡി നിർത്തിയതിനെ ചൊല്ലി ഇവിടെ ഒരു പ്രതിഷേധവും അരങ്ങേറിയില്ല. നീതിക്കായി ഒരു മുസ്ലിം സംഘടനയും മാർച്ച് നടത്തിയില്ല. ആർക്കും രോഷമുണ്ടായില്ല. സബ്‌സിഡി കൊണ്ട് മുസ്ലിംകൾക്കല്ല ഗുണം, എയർ ഇന്ത്യയ്ക്കു മാത്രമാണെന്ന് സംഘപരിവാറുകാർക്കല്ലാത്ത എല്ലാവർക്കും അറിയാമായിരുന്നു എന്നതാണ് വസ്തുത. ഒന്നിച്ചുള്ള ടിക്കറ്റ് തുകയ്‌ക്കൊപ്പം സർക്കാർ സബ്‌സിഡിയും കൂട്ടി നേരിട്ടാണ് എയർ ഇന്ത്യ എന്ന വെള്ളാനയ്ക്ക് നൽകിയിരുന്നത്. ഈ തുക കുറച്ച് എയർ ഇന്ത്യയുടെ സൗകര്യത്തിനുണ്ടാക്കിയ സംവിധാനത്തെ തകർക്കാൻ ബിജെപി സർക്കാരും ഒരുക്കമല്ല. പകരം വിപണി നിരക്കിനേക്കാൾ ഇരട്ടിയോളം തുക വരുന്ന ടിക്കറ്റിൽ വർധിച്ച തുക കൂടി തീർത്ഥാടകർ തന്നെ നൽകണം.
കടപ്പാട് റ്റു സർക്കിൾസ്