ചെന്നൈ- സ്ത്രീകളുടെ നഗ്‌നത മൊബൈലില്‍ പകര്‍ത്തല്‍ ശീലമാക്കിയ ശേഖര്‍ ഭാര്യ പരാതി നല്‍കിയപ്പോള്‍ അറസ്റ്റിലായി. സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുന്ന ഭര്‍ത്താവിനെതിരെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതിയായ ശേഖര്‍ സ്ഥിരമായി ഫോണില്‍ പകര്‍ത്താറുണ്ട്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡന കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ അടുത്തുചെല്ലുമ്പോഴെല്ലാം ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്യുന്നതില്‍ സംശയം തോന്നിയ ഭാര്യ മൊബൈല്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ സഹോദരി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യ പ്രതി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതം കാണിച്ച് ചോദ്യം ആവര്‍ത്തിച്ചതോടെ ഭര്‍ത്താവ് കാര്യങ്ങളെല്ലാം ഭാര്യയോടെ തുറന്നുപറയുകയായിരുന്നു. സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്ന് ഇയാള്‍ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. അറസ്റ്റിലായ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.