മാഞ്സ്റ്റര്‍-ഏതാണ്ട് ജീവിതകാലം മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സോ വാഹനത്തിനു ഇന്‍ഷുറന്‍സോ ഇല്ലാതെ വാഹനമോടിച്ച ഒരാള്‍ ഒടുവില്‍ പിടിയിലായി. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരും വേണ്ടത്ര രേഖകള്‍ കൈവശമില്ലാതെ വാഹനം നിരത്തിലിറക്കുന്നവരും വിരളമല്ലെങ്കിലും പലര്‍ക്കും അധികം വൈകാതെ പിടിവീഴാറുണ്ട്. നിയമവിരുദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനായി ലോകത്തെവിടെയും പോലീസ് പരിശോധനകളും നിരീക്ഷണ ക്യാമറ സംവിധാനങ്ങളും ശക്തമാണു താനും. വാഹനപരിശോധനയ്ക്കിടെ ഒരു 84കാരനെ പിടികൂടിയ യുകെയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ഒരു ഞെട്ടിക്കുന്ന അനുഭവമാണ് നേരിടേണ്ടി വന്നത്.
84കാരനായ വൃദ്ധനാണ് യുകെയില്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. താന്‍ കഴിഞ്ഞ 70 വര്‍ഷമായി വാഹനത്തിന് ഇന്‍ഷുറന്‍സോ ഡ്രൈവിങ് ലൈസന്‍സോ ഇല്ലാതെയാണ് വാഹനമോടിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. 12ാം വയസിലാണ് നിയമവിരുദ്ധമായ ഡ്രൈവിങ് തുടങ്ങിയത്. എന്നാല്‍ ഇക്കാലമത്രയും ഒരു വാഹനാപകടം പോലും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും വൃദ്ധന്‍ വാദിച്ചു. ഇതുവരെ തന്നെ പോലീസ് വാഹനപരിശോധനയ്ക്കിടയില്‍ പിടികൂടിയിട്ടില്ലെന്നും ഇയാള്‍ വ്യകതമാക്കി.
നമ്പര്‍ പ്ലേറ്റ് വായിച്ചു വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന എഎന്‍പിആര്‍ ക്യാമറയാണ് വൃദ്ധനെ പിടികൂടിയത്. മിനി വണ്‍ കാറുമായി നിരത്തിലിറങ്ങിയ ഇയാളെ നോട്ടിങ്ഹാമിലെ ഒരു ടെസ്‌കോ എക്‌സ്ട്രാ സൂപ്പര്‍മാര്‍ക്കറ്റിന് അടുത്തു വെച്ചാണ് പിടികൂടിയത്. സംഭവം പോലീസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തു വിട്ടത്