Sorry, you need to enable JavaScript to visit this website.

സര്‍വകലാശാല പരീക്ഷകള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി, സര്‍ക്കാരിന് മൗനമെന്ന് എന്‍.എസ്.എസ്

കോട്ടയം - അതിരൂക്ഷമായ കോവിഡ് വ്യാപനത്തിനിടെ സര്‍വകലാശാല പരീക്ഷകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ ആവശ്യത്തെ അവഗണിച്ചതിനാലാണെന്ന്് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ലാസുമുറികളുടെ എണ്ണം ഇരട്ടിയായിരിക്കെ പരീക്ഷാ നടത്തിപ്പിനുള്ള അദ്ധ്യാപകരുടെ ഇരട്ടി ആവശ്യമാണ്. പരീക്ഷകള്‍ നടത്തുന്നതോടൊപ്പം ഓണ്‍ലൈന്‍ ക്ലാസ്സുകളും നടക്കുന്നു. അധ്യാപകരും അനധ്യാപകരും കോവിഡ് രോഗബാധിതരായതിനാല്‍ പരീക്ഷാ നടത്തിപ്പിനു മതിയായ ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്.പരീക്ഷാസമ്മര്‍ദ്ദം മൂലം വിദ്യാര്‍ത്ഥികള്‍ രോഗബാധ മറച്ചുവെച്ചുകൊണ്ട് പരീക്ഷയില്‍ പങ്കെടുക്കുന്നതിനാല്‍  3 മണിക്കൂര്‍ പരീക്ഷ കഴിയുമ്പോള്‍ രോഗമില്ലാത്ത കുട്ടികളും അധ്യാപകരും രോഗബാധിതരാവാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍.എസ്.എസ് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതിനാലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകളുടെ അധികാരപരിധിയില്‍ വരുന്ന തിരുവനന്തപുരം , കൊല്ലം , കോട്ടയം , പത്തനംതിട്ട , ഇടുക്കി ജില്ലകള്‍ കോവിഡ് വ്യാപനത്തില്‍ സി വിഭാഗത്തില്‍ വരുന്നതിനാല്‍ സര്‍വകലാശാലകള്‍ കോളേജുകളില്‍ നടത്തുന്ന പരീക്ഷകള്‍ നിര്‍ത്തി വയ്ക്കണം എന്ന ആവശ്യവുമായി എന്‍.എസ്.എസ് ഫയല്‍ ചെയ്ത ഹരജിയില്‍ ജസ്റ്റീസ് രാജാവിജയരാഘവന്‍ പരീക്ഷകളുടെ നടത്തിപ്പ് തടഞ്ഞ് ഇടക്കാല ഉത്തരവായി. കോവിഡ് രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രസ്തുത കോളേജു കളില്‍ പരീക്ഷാനടത്തിപ്പിന് മതിയായ അധ്യാപകരെ ലഭിക്കുന്നില്ലെന്നു ഹരജിയില്‍ ചൂണ്ടികാട്ടി.

പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനോട് കോളേജുകള്‍ക്ക് തത്ത്വത്തില്‍ താല്പ ര്യമില്ലെങ്കിലും കോവിഡ് മഹാമാരിയുടെ ഈ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തമതാല്‍പര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവയ്ക്കുവാന്‍ ആവശ്യപ്പെട്ടത് എന്ന് എന്‍എസ്എസ് ജന. സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

 

 

Latest News