ന്യൂദല്‍ഹി- കോവാക്‌സിനും കോവിഷീല്‍ഡും മുതിര്‍ന്നവരുടെ ഉപയോഗത്തിനായി ഉപാധികളോടെ വാണിജ്യ അടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മരുന്നുകളുടെ വിതരണത്തിന് ഉപാധികളോടെ അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
എന്നാല്‍, കോവാക്‌സിനും കോവിഷീല്‍ഡും മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി ലഭ്യമാക്കില്ല. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഈ രണ്ടു മരുന്നുകളും സംഭരിച്ചു മുതിര്‍ന്ന രോഗികള്‍ക്കായി ഉപയോഗിക്കാം. ന്യൂ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍ നിയമം 2019ന്റെ അടിസ്ഥാനത്തിലാണ് മരുന്നുകള്‍ ആശുപത്രികള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത്.
ഇരു വാക്‌സിനുകളുടെയും ഒരു ഡോസിന് 275 രൂപ വെച്ച് ഈടാക്കാമെന്നാണു വിവരം. 150 രൂപ സര്‍വീസ് ചാര്‍ജും അധികമായി ഉണ്ടാകും. നിലവില്‍ 150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെ കോവാക്‌സിന് ഒരു ഡോസിന് 1200 രൂപയും കോവിഷീല്‍ഡിന് 780 രൂപയുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈടാക്കുന്നത്. വാണിജ്യ വിപണന അനുമതി ലഭിച്ചതോടെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ഉചിതമായ വിലയ്ക്കു ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഉടന്‍ സ്വീകരിക്കും.
ഉപാധികള്‍ അനുസരിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച സുരക്ഷാ വിവരങ്ങള്‍ ആറു മാസം കൂടുമ്പോള്‍ ഡി.സി.ജി.ഐക്കു കൈമാറണം. വാക്‌സിന്‍ വിതരണത്തിന്റെ മുഴുവന്‍ വിവരങ്ങളും കോവിന്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുകയും ചെയ്യണം.
ഇതുവരെ കോവാക്‌സിനും കോവിഷീല്‍ഡും അടിയന്തര ഉപയോഗത്തിന് മാത്രമേ ഡി.സി.ജി.ഐ അനുമതി നല്‍കിയിരുന്നുള്ളൂ. നിലവില്‍ 15 ദിവസം കൂടുമ്പോള്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ സുരക്ഷാ വിവരങ്ങള്‍ കൈമാറണമായിരുന്നു. കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും വാണിജ്യ അനുമതിക്ക് ഡി.സി.ജി.ഐക്ക് അപേക്ഷ നല്‍കിയിരുന്നു.
കോവിഷീല്‍ഡിന്റെ വാണിജ്യ വിപണന അനുമതിക്കായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് തന്നെ അപേക്ഷ നല്‍കിയിരുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രകാശ് കുമാര്‍ സിംഗ് പറഞ്ഞു. വാണിജ്യാനുമതി തേടിയുള്ള അപേക്ഷക്കൊപ്പം ക്ലിനിക്കല്‍ ട്രയലിനും മുന്‍പും പിന്‍പുമുള്ള എല്ലാ സുരക്ഷാ വിവരങ്ങളും ഡി.സി.ജി.ഐക്ക് കൈമാറിയിരുന്നതായി കോവീഷീല്‍ഡിന്റെ വി. കൃഷ്ണമോഹനും വ്യക്തമാക്കി.