ന്യൂദല്‍ഹി- സ്വകാര്യ വിമാനങ്ങള്‍ ദേശസാല്‍ക്കരിക്കുകയെന്ന ഏകദേശം ഏഴ് ദശകങ്ങള്‍ക്കപ്പുറത്തെ അബദ്ധം തിരുത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യതിരാദിത്യ സിന്ധ്യ പറഞ്ഞു.. എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികള്‍, എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ അലൈഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിങ്ങനെ നാലു ഉപകമ്പനികള്‍ അസറ്റ് ഹോള്‍ഡിങ് കമ്പനിക്ക് കൈമാറി. കൂടാതെ എയര്‍ ഇന്ത്യയുടെ 46,262 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്ക് കീഴിലായി.നിലവില്‍ എയര്‍ ഇന്ത്യയുടെ ദിവസ നഷ്ടം 20 കോടി രൂപയാണ്. ഏപ്രില്‍-സെപ്റ്റംബര്‍ കാലത്ത് 5422.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
മുംബൈ, ദല്‍ഹി, ഗള്‍ഫ് സെക്ടറുകള്‍ക്ക് മികച്ച പരിഗണന നല്‍കുമെന്ന പ്രഖ്യാപനം പ്രവാസികളേയും ആഹ്ലാദിപ്പിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഏറ്റവും അവഗണിച്ചിരുന്നത് ഗള്‍ഫി സെക്ടറിനെയായിരുന്നു. എബിസിഡി എന്ന പരിഹാസപ്പേരാണ് ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്ക്ക് അക്കാലത്ത് നല്‍കിയിരുന്നത്. ഏത് അത്യാവശ്യം വന്നാലും ആദ്യം റദ്ദാക്കുക ഗള്‍ഫ് സര്‍വീസുകളായിരുന്നു മുമ്പ്.