ബംഗളൂരു- കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസിൽ ഹിന്ദു യുവസേന സ്ഥാപകൻ പോലീസ് കസ്റ്റഡിയിൽ. ദക്ഷിണ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽനിന്നുള്ള കെ.ടി നവീൻ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നിലവിൽ ചിക്മംഗളൂരിലാണ് താമസം. ഹിന്ദു യുവ സേനയുടെ സ്ഥാപകനാണ് 37 കാരനായ നവീൻ കുമാർ. ഇയാൾ നേരത്തെ തന്നെ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് പതിനഞ്ച് വെടിയുണ്ടകളും പിടിച്ചെടുത്തു. കഴിഞ്ഞവർഷം സെപ്തംബറിലാണ് ഗൗരി ലങ്കേഷ് വീടിനു മുന്നിൽ വെച്ച് വെടിയേറ്റ് മരിച്ചത്.