നെയ്‌റോബി- കെനിയയിലെ ഏറ്റവും വലിയ ആശുപത്രിയായ കെനിയാത്ത നാഷണല്‍ ഹോസപിറ്റലില്‍ ന്യൂറോസര്‍ജന്‍ ആളുമാറി ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയ ചെയ്യേണ്ട രോഗിക്കു പകരം അബദ്ധത്തില്‍ മറ്റൊരു രോഗിയുടെ തലയിലായിരുന്നു സര്‍ജറി. കഴിഞ്ഞയാഴ്ച ചികിത്സക്കായി ആശുപത്രിയിലെത്തിയ രണ്ടു രോഗികളെയാണ് ഡോക്ടര്‍ക്ക് മാറിയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച രോഗിക്കാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. എന്നാല്‍ തലയിലെ വീക്കത്തിന് ചികിത്സക്കെത്തിയ രോഗിയിലാണ് ഡോക്ടര്‍ കത്തി വെച്ചത്.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രിക്രിയ പുരോഗമിക്കുന്നതിനിടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടില്ലെന്ന് ഡോക്ടര്‍ക്ക് ബോധ്യമായതെന്ന്് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ കെനിയന്‍ പത്രം ഡെയ്‌ലി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെനിയയിലെ ഏറ്റവും പഴക്കമേറിയവലിയ ആശുപത്രിയാണിത്.
ആശങ്കപ്പെടുത്തുന്ന സംഭവം സോഷ്യല്‍ മീഡിയില്‍ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ ഡോക്ടറേയും നഴ്‌സുമാരേയും മറ്റു ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ പുറത്താക്കി. നവജാത ശിശു മോഷണം പോയതിനെ ചൊല്ലിയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തതിനെ ചൊല്ലിയും വിവാദച്ചുഴിയിലകപ്പെട്ട ആശുപത്രിയിലാണ് പുതിയ വിവാദം.
ശസ്ത്രക്രിയ ചെയ്ത ന്യൂറോര്‍ജനെ കൂടാതെ രണ്ടു നഴ്‌സുമാരേയും ഒരു അനസ്‌തേഷ്യ വിദഗ്ധനേയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി സി.ഇ.ഒയെ സസ്‌പെന്‍ഡ് ചെയതതായി ആരോഗ്യ മന്ത്രി സിസിലി കറിയുകി അറിയിച്ചു.