Sorry, you need to enable JavaScript to visit this website.

മെച്ചപ്പെട്ട ഭക്ഷണം, എല്ലാവരും അതിഥികള്‍; ടാറ്റയ്ക്കു കീഴില്‍ എയര്‍ ഇന്ത്യയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരില്‍ നിന്നും എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കിയ ദിവസം തൊട്ട് കമ്പനിയില്‍ ടാറ്റ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. കമ്പനിയുടെ പ്രതിച്ഛായ തൊട്ട് സേവനങ്ങളും യാത്രാ അനുഭവവും അടിമുടി മാറ്റാനാണ് പദ്ധതി. ആദ്യ ദിവസം തന്നെ മെച്ചപ്പെട്ട ഭക്ഷണം വിളമ്പിയാണ് തുടക്കം. മുംബൈയില്‍ നിന്ന് സര്‍വീസ് നടത്തുന്ന നാല് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വ്യാഴാഴ്ച തന്നെ എയര്‍ ഇന്ത്യ മികച്ച വിഭവങ്ങള്‍ വിളമ്പിത്തുടങ്ങി. മുംബൈയില്‍ നിന്നും യുഎസിലെ നെവാര്‍ക്കിലേക്കുള്ള വിമാനത്തിലും മുംബൈ-ദല്‍ഹി സര്‍വീസ് നടത്തുന്ന അഞ്ച് വിമാനങ്ങളിലും വെള്ളിയാഴ്ച പുതിയ ഭക്ഷണം വിളമ്പും. പടിപടിയായി ഇത് മറ്റു സര്‍വീസുകളിലും നല്‍കിത്തുടങ്ങും. 

യാത്രക്കാരെ ഇനി യാത്രക്കാരെന്ന് അഭിസംബോധന ചെയ്യരുത് അതിഥി എന്നു വളിച്ചാല്‍ മതിയെന്നും ടാറ്റ എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. വിമാന ജീവനക്കാരുടെ നടപ്പിലും ലുക്കിലും ടാറ്റ പ്രത്യേകം ശ്രദ്ധിക്കും. ഇതു പരിശോധിക്കാനായി വിമാനത്താവളങ്ങളില്‍ പ്രത്യേക ഗ്രൂമിങ് എക്‌സിക്യൂട്ടീവുകളേയും ടാറ്റ ഏര്‍പ്പാട് ചെയ്യും.

എയര്‍ ഇന്ത്യ പലപ്പോഴും പഴികേള്‍ക്കാറുള്ളത് സമയനിഷ്ഠയിലെ വീഴ്ചകളുടെ പേരിലാണ്. ഇക്കാര്യത്തില്‍ ടാറ്റ പ്രത്യേകം ശ്രദ്ധ ചെലുത്തും. വിമാനം പറന്നുയരുന്നതിന് 10 മിനിറ്റ് മുമ്പ് തന്നെ വാതിലുകള്‍ അടക്കാനാണ് പുതിയ നിര്‍ദേശം.

എയര്‍ ഇന്ത്യാ വിമാനങ്ങളിലെല്ലാം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റയുടെ പ്രത്യേക ശബ്ദ സന്ദേശം കേള്‍പ്പിക്കും. ഇതെപ്പോള്‍ കേള്‍പ്പിക്കണമെന്നതു സംബന്ധിച്ച് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. വെള്ളിയാഴ്ച മുതല്‍ എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുത്തതായുള്ള സന്ദേശവും വിമാനത്തിനുള്ളിലെ അനൗണ്‍സില്‍ ഉണ്ടാകും.
 

Latest News