Sorry, you need to enable JavaScript to visit this website.

ഇക്കുറി 'ബജറ്റ് ഹല്‍വ' ഇല്ല; ബജറ്റ് വിശേഷങ്ങള്‍ അറിയാം

ന്യൂദല്‍ഹി- കേന്ദ്ര ബജറ്റ് തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലെ ആചാരമായ മധുരം വിളമ്പുന്ന ഹല്‍വ സെറിമണി ഇക്കുറി ഇല്ല. ഒമിക്രോണ്‍ വ്യാപനം കാരണം ഇതു വേണ്ടെന്നുവച്ചിരിക്കുകയാണ്. 2022-23 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. 

എന്താണ് ഹല്‍വ സെറിമണി?

മാസങ്ങള്‍ നീളുന്ന ബജറ്റ് തയാറാക്കല്‍ നപടികളുടെ അവസാനഘട്ട ഇനമാണ് മധുരം വിളമ്പുന്ന ഹല്‍വ സെറിമണി. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്ക് കെട്ടിടത്തിലെ ധനമന്ത്രാലയം ആസ്ഥാനത്താണ് ഈ ചടങ്ങ്. ധനമന്ത്രിയാണ് മധുരം തയാറാക്കി സഹപ്രവര്‍ത്തകര്‍ക്ക് വിളമ്പി നല്‍കുക. സഹമന്ത്രിമാരും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടാകും. 

ഹല്‍വ സെറിമണിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്നതു വരെ 10 ദിവസത്തോളം നോര്‍ത്ത് ബ്ലോക്കിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഈ ദിവസങ്ങളിലാണ് ബജറ്റ് അച്ചടി നടക്കുക. ബജറ്റ് തയാറാക്കുന്നതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കു ഈ ദിവസങ്ങളില്‍ പുറംലോകവുമായി ഒരു സമ്പര്‍ക്കവും ഉണ്ടാകില്ല. ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതിനാണിത്. പുറത്തു പോകാനും വരാനുമുള്ള അനുവാദം ധനമന്ത്രിക്ക് മാത്രമെ ഉണ്ടാകൂ. എങ്കിലും മന്ത്രിയും ഈ രഹസ്യാത്മകത കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥയാണ്.

നേരത്തെ ഹല്‍വ സെറിമണിയോടെ ബജറ്റ് അച്ചടി തുടങ്ങുകയായിരുന്നു പതിവ്. നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റില്‍ പ്രത്യേക പ്രസിലാണ് 1980 മുതല്‍ 2020 വരെ ബജറ്റ് അച്ചടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പേപ്പര്‍രഹിത ബജറ്റായതിനാല്‍ അച്ചടി ഉണ്ടായിരുന്നില്ല. ഹല്‍വ സെറിമണിക്കും ശേഷം പത്താം ദിവസം ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ബജറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ ഒരു യൂനിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും അവതരിപ്പിച്ചിരുന്നു.

Latest News