ന്യൂദല്‍ഹി- അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പോരും എതിര്‍കക്ഷികളുടെ സമ്മര്‍ദ്ദവും നിലനില്‍ക്കെ ഒടുവില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രി ചരണ്‍ജീത് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പില്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. രണ്ടു പേര്‍ക്ക് ഒരിക്കലും നയിക്കാനാകില്ലെന്നും ഒരാള്‍ക്കു മാത്രമെ സാധിക്കൂവെന്നും രാഹുല്‍ ഊന്നിപ്പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിങ്ങളുടെ ആവശ്യം ഉടന്‍ നിറവേറ്റപ്പെടും. സാധാരണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ല. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ ഒരാളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചു മാത്രമെ ഇതു ചെയ്യൂ- രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജീത് ചന്നിയും സിദ്ദുവും വേദിയിലിരിക്കെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
തീരുമാനം എന്തു തന്നെ ആയാലും അത് അംഗീകരിക്കുമെന്ന് രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സിദ്ദു പറഞ്ഞു. എല്ലാവരും ഒന്നിച്ചാണ് പൊരുതുന്നത്. ഇത് ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള പേരാട്ടമല്ല, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പോരാട്ടമാണ്. അതിനായി എന്നെ കുഴിച്ചു മൂടുകയാണ് വേണ്ടതെങ്കില്‍ അത് ചെയ്യാം, മറുത്തൊരക്ഷരം ഞാന്‍ പറയില്ല. എങ്കിലും എനിക്ക് തീരുമാനമെടുക്കാനുള്ള അധികാരം വേണം, പാവയെ പോലെ കാണരുത്- സിദ്ദു പറഞ്ഞു.
താന്‍ ഒരു പദവിക്കും പിന്നാലെ അല്ലെന്ന് മുഖ്യമന്ത്രി ചന്നി പറഞ്ഞു. ആരാണ് മുഖ്യമന്ത്രിയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അദ്ദേഹത്തിനു വേണ്ടി ആദ്യം പ്രചരണത്തിനിറങ്ങുക താനായിരിക്കുമെന്നും ചന്നി പറഞ്ഞു. 'സിദ്ദു സാഹബ്, കോണ്‍ഗ്രസില്‍ ഉള്‍പ്പോരാണെന്ന് ഒരു കെജ്രിവാളിനെ പോലുള്ള ഒരു പുറംനാട്ടുകാരനെ കൊണ്ട് പറയിക്കരുത് എന്ന് കൂപ്പുകൈകളോട് പറയുകയാണ്' എന്നും ചന്നി സിദ്ദുവിനോട് പറഞ്ഞു.
ഫെബ്രുവരി 14ന് വോട്ടെടുപ്പ്് കഴിഞ്ഞ ശേഷമെ മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കൂവെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.