Sorry, you need to enable JavaScript to visit this website.

കോടിയേരിക്ക് നേരെയുള്ള ബോംബേറ് കേസ് ആവിയായി; മറുപടി പറയാനാകാതെ സി.പി.എം

തലശ്ശേരി- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ വേദിക്കരികില്‍ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ. സംഭവം കഴിഞ്ഞ് അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും കേസിലെ ഒരു പ്രതിയെപോലും പിടിക്കാന്‍ പോലീസിന് സാധിച്ചില്ലെന്നത് ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ നാണക്കേടാവുകയാണ്. രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യമുയര്‍ത്തി ഭരണക്കാരെ പ്രതിക്കൂട്ടിലാക്കുകയാണ്.

2017 ജനുവരി 26നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരി നങ്ങാറത്ത്പീടികക്ക് സമീപം വെച്ച് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന വേദിക്ക് സമീപം ബോംബേറുണ്ടായത.് കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കെ.പി ജിജേഷ് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കോടിയേരി പ്രസംഗിക്കുന്ന വേദിക്ക് സമീപം ബോംബ് സ്‌ഫോടനം നടന്നത.് ഉഗ്രസ്‌ഫോടനം സംഭവ സ്ഥലത്തുണ്ടായിരുന്നരെ നടുക്കിയിരുന്നു. സംഭവത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ബോംബേറിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം സംഭവ ദിവസം തന്നെ ആരോപിച്ചിരുന്നു. ഇത് പ്രകാരം ന്യൂമാഹി പോലീസ് ക്രൈം നമ്പര്‍ 69/ 17 പ്രകാരം ആറ് കണ്ടാലറിയാവുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇതിന്റെ പേരില്‍ അറസ്‌ററ് ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയതോടെ കേസ് പിന്നെ ഫയലില്‍ തന്നെ കിടക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച് 14-ാം കേരള നിയമസഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസിലെ വി.ടി ബലറാം നക്ഷത്ര ചിഹ്നമിടാത രണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതിനുള്ള മറുപടിയിലും പ്രതികള്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയിരുന്നു. ന്യൂമാഹി പോലീസില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവും മുഖ്യമന്ത്രി മറുപടിയില്‍ നല്‍കിയിരുന്നു. 2017 ജനുവരി 26ന് അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് പൊക്കിയെടുത്ത് രാഷട്രീയ എതിരാളികള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുണ്ടായിരുന്നു. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആഭ്യന്തര മന്ത്രിക്ക് സ്വന്തം പാര്‍ട്ടി നേതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആ കേസര ഒഴിഞ്ഞ് പോകുന്നതാണ് നല്ലതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം ഉയരുകയാണ്. സ്വന്തം സംസ്ഥാന സെക്രട്ടറിയെ സംരക്ഷിക്കാന്‍ കഴിയാത കഴിവുകെട്ട ആഭ്യന്തര മന്ത്രിക്ക് പിന്നെ ഇവിടെയുള്ള സാധാരണക്കാരെ എങ്ങിനെ സംരക്ഷിക്കുമെന്ന മറു ചോദ്യവും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

 

 

Latest News