വാഷിംഗ്ടണ്‍- അമേരിക്കയിലെ സൈനിക നീതി വ്യവസ്ഥയില്‍ ലൈംഗിക പീഡനം കൂടി കുറ്റകൃത്യമായി ചേര്‍ക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. പെന്റഗണെ പലതവണ പിടിച്ചുകുലുക്കിയ ദീര്‍ഘകാല പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.
2020 ല്‍ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥ വനേസ ഗില്ലന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമത്തില്‍ വരുത്തുന്ന മാറ്റം അധികൃതര്‍ അറിയിച്ചത്.
2020 ല്‍ 20 കാരി വനേസയെ സഹപ്രവര്‍ത്തകനായ സൈനികന്‍ ബലാത്സംഗം ചെയ്ത് ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ലൈംഗിക പീഡന പരാതിയില്‍ സൈനിക അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് യുവതി നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
ആര്‍മി സ്‌പെഷലിസ്റ്റ് വനേസയുടെ മരണം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുവെന്നും സൈന്യത്തിലെ ലൈംഗിക അതിക്രമം ഗൗരവത്തോടെ നേരിടുന്നതിന് സഹായകമായെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ പെസകി പറഞ്ഞു.
സൈനിക നീതിയുടെ ഏകീകൃത നിയമത്തില്‍ ലൈംഗിക അതിക്രമം കുറ്റകൃത്യമായി ഉള്‍പ്പെടുത്തുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.
ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് പട്ടാളത്തിലെ ശിക്ഷാ നടപടികള്‍ക്ക്്് പുറമെ ഇനിമുതല്‍ ജയില്‍ ശിക്ഷയും ലഭി്ക്കും.