ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2.86 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍നിന്ന് 19.5 ശതമാനമായി വര്‍ധിച്ചു.
ജനസംഖ്യയില്‍ ബഹുഭൂരിഭാഗവും ഗ്രാമങ്ങളിലായതിനാല്‍ അതീവജാഗ്രത ആവശ്യമാണെന്നും കോവിഡിന്റെ പുതിയ തരംഗം ഇനിയും പാരമ്യതയിലെത്തിയിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രതിദിന കോവിഡ് കേസുകള്‍ 0.1 ശതമാനം മാത്രമാണ് വര്‍ധിച്ചതെങ്കിലും പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേക്ക് കുതിച്ചത് കൂടുതല്‍ ആശങ്കക്ക് കാരണമാകുന്നു. മൂന്നാം ദിവസവും തുടര്‍ച്ചയായി മൂന്ന് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മൊത്തം രോഗാബധയില്‍ ആക്ടീവ് കേസുകള്‍ 22,02,472 ആയി കുറഞ്ഞിട്ടുണ്ട്. 5.46 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് മുക്തി നിരക്ക് 93.33 ശതമാനമായി താഴ്ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.50 ശതമാനമായപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റിയും 17.75 ശതമാനമായി വര്‍ധിച്ചു.
24 മണിക്കൂറിനിടെ 573 പേരാണ് മരണത്തിനു കീഴടങ്ങിയത്. മരിച്ചവരില്‍ 60 ശതമാനം പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പ് എടുത്തവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.