മുംബൈ- മാല്‍വണിയില്‍ ഒരു പാര്‍ക്കിന് മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകരും ബജ്‌റംഗ് ദള്‍ അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘങ്ങളും പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ക്കും സ്‌പോര്‍ട്‌സ് ഗ്രൗണ്ടും ഉല്‍ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം. പ്രാദേശികമായി ടിപ്പു സുല്‍ത്താന്‍ ഗ്രൗണ്ട് എന്ന് വിളിക്കപ്പെടുന്ന മൈതാനം ഈയിടെ നവീകരിച്ച് സ്‌പോര്‍ട്‌സ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു. പാര്‍ക്ക് ഉല്‍ഘാടന വേദിക്കരികെ ടിപ്പു സുല്‍ത്താന്റെ പേരുള്ള ഒരു ബോര്‍ഡും ഉണ്ടായിരുന്നു. ഇതിനെതിരെയാണ് ഹിന്ദുത്വ സംഘങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.
അതേസമയം പാര്‍ക്കിന് ടിപ്പുവിന്റെ പേരു നല്‍കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത്തരമൊരു നിര്‍ദേശം പാസാക്കിയിട്ടില്ലെന്നും ശിവ സേന പ്രതികരിച്ചു. ഈ വിഷയത്തെ ചൊല്ലി ശിവ സേനയെ ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണെന്നും ശിവ സേനയുടെ പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.
മഹാരാഷ്ട്ര ടെക്‌സ്റ്റൈല്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അസ്‌ലം ശെയ്ഖിന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച പാര്‍ക്ക് ഉല്‍ഘാടനം ചെയ്തു. മന്ത്രിയുടെ എംഎഎ വികസന ഫണ്ടില്‍ നിന്ന് പണം ചെലവിട്ടാണ് പാര്‍ക്ക് നവീകരിച്ചത്. എന്നാല്‍ ഈ പരിപാടി പാര്‍ക്കിന്റെ പേരു മാറ്റാനാണെന്ന് ആരോപിച്ചാണ് ബിജെപിയും വിഎച്പി അടക്കമുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നത്.