തൃശൂർ - കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളിൽ പ്രമുഖയും കലാഗവേഷകയുമായ പത്മശ്രീ മിലേന സാൽവിനി അന്തരിച്ചു. 1965 ൽ കഥകളി പഠിക്കാനായി ഫ്രാൻസിൽനിന്നും സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ എത്തിയ മിലേന സാൽവിനി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി മാറി. കേരള കലാമണ്ഡലത്തിന്റെ വികാസപരിണാമഘട്ടങ്ങളിൽ മിലേന നടത്തിയ കലാപ്രവർത്തനങ്ങൾ മഹത്തരമാണ്. മിലേനയുടെ ക്ഷണം സ്വീകരിച്ച്, 1967 ൽ പതിനേഴംഗ കഥകളിസംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രവീഥിയിലെ മാർഗ്ഗദർശകമായ നാഴികക്കല്ലായി മാറി.
1975 ൽ മിലേനയും ജീവിതപങ്കാളിയായ റോജർ ഫിലിപ്പ്സിയും ചേർന്ന് പാരീസിൽ “മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസസ് ” എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകൾ പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി വന്നു. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001 ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ മിലേനയുടെ കലാപ്രവർത്തനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. കഥകളിക്ക് നല്കിയ സംഭാവനകളെ പുരസ്ക്കരിച്ച് മിലേന സാൽവിനിയെ 2019 ൽ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
മിലേനയുടെ വേർപാടിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണനും ഭരണസമിതിയംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും അനുശോചിച്ചു