പട്‌ന- റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ എന്‍ടിപിസി പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള തീരുമാനത്തിനെതിരെ മൂന്ന് ദിവസമായി ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം രൂക്ഷമാകുന്നു. റിപബ്ലിക് ദിനത്തില്‍ സമരക്കാര്‍ ട്രെയ്‌നുകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. ഗയയില്‍ ഒരു പാസഞ്ചര്‍ ട്രെയ്‌നിന് തീയിടുകയും മറ്റു ട്രെയ്‌നുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജെഹാനാബാദില്‍ പോലീസിനു നേരെ കല്ലേറും ഭഗല്‍പൂരില്‍ ട്രെയ്‌നുകള്‍ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി.
സമരം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും പരിഹാരം ഉണ്ടാക്കുമെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സമരക്കാരെ അറിയിച്ചു. നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
2019ല്‍ ഇറക്കിയ പരീക്ഷാ വിജ്ഞാപനത്തില്‍ ഒറ്റ പരീക്ഷയെ കുറിച്ച് മാത്രമെ പരാമര്‍ശിച്ചിരുന്നൂള്ളൂവെന്നും ഇതില്‍ തിരിമറി നടത്തി സര്‍ക്കാര്‍ തങ്ങളുടെ ഭാവി വച്ചു കളിക്കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു. രണ്ടാം ഘട്ടം പരീക്ഷയും ഉണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു എന്നാണ് റെയില്‍വെ മന്ത്രാലം പറയുന്നത്.
ആര്‍ആര്‍ബി-എന്‍ടിപിസി (നോണ്‍ ടെക്‌നിക്കല്‍ പോപുലര്‍ കാറ്റഗറീസ്) പരീക്ഷയുടെ ഒന്നാം ഘട്ടത്തില്‍ വിജയിച്ചവരോടുള്ള അനീതിയാണ് രണ്ടാം ഘട്ട പരീക്ഷ എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന വാദം. ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ജനുവരി 15ന് പ്രസിദ്ധീകരിച്ചിരുന്നു. 1.25 കോടി പേരാണ് ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. 60 ലക്ഷം പേര്‍ പരീക്ഷ എഴുതി. ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെ 35000 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. 19,900 രൂപ മുതല്‍ 35,400 രൂപ വരെ പ്രതിമാസ ശമ്പളമുള്ള വിവിധ തസ്തികകള്‍ നികത്തുന്നിനാണ് പരീക്ഷ നടത്തുന്നത്.