ജിദ്ദ- വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ നടത്തുന്ന നവീകരണം ഫ്ളാറ്റുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂട്ടുന്നു. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനെ തുടർന്ന് പാർപ്പിടം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരികയാണ്. ഇവർ താമസിക്കാൻ സ്ഥലം അന്വേഷിച്ചുള്ള പരക്കംപാച്ചിലിലാണ്. മലയാളികൾ തിങ്ങിത്താമസിക്കുന്ന ശറഫിയ മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടിയിട്ടുണ്ട്. ഇവിടെ നിരവധി കെട്ടിടങ്ങളാണ് അധികൃതർ പൊളിച്ചുനീക്കുന്നത്. ആറു മാസത്തിനകം നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെ, സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ജെ.സി.ബിയുമായി അധികൃതർ എത്തുന്നത്. കയ്യിൽ കിട്ടിയ സാധനങ്ങളുമായി കടയുടമകൾ കട കാലിയാക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഷറഫിയയിൽ നിരവധി കടകളാണ് ഇത്തരത്തിൽ പൊളിച്ചുനീക്കുന്നത്. നഗരം വിശാലമാക്കി പാർക്കിംഗ് സൗകര്യങ്ങളടക്കം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.