ന്യൂദല്‍ഹി- ഈ വര്‍ഷം പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി ബഹുമതി നിരസിച്ചു. തന്നെ പോലെ പ്രായമുള്ളവരേക്കാള്‍ ഈ ബഹുമതിക്ക് അര്‍ഹത പ്രായം കുറഞ്ഞ കലാകാരികള്‍ക്കാണെന്നും 90കാരിയായ സന്ധ്യ മുഖര്‍ജി പറഞ്ഞു. ഈ പ്രായത്തില്‍ ഇവരെ പോലുള്ള പ്രശസ്തര്‍ക്ക് പത്മശ്രീ നല്‍കുന്നത് അപമാനിക്കലിന് തുല്യമാണെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പ്രതികരിച്ചു. അമ്മ പത്മശ്രീ നിരസിച്ചത് രാഷ്ട്രീയപ്രേരിതമായല്ല എന്നും അവര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പത്മ ഭൂഷണ്‍ നിരസിച്ചിരുന്നു. ഇതോടെ ബംഗാളില്‍ നിന്ന് രണ്ടു പേരാണ് ഇത്തവണ പത്മ പുരസ്‌കാരം നിരസിച്ചത്. 60കളിലും 70കളിലും നിറഞ്ഞു നിന്നിരുന്ന ഗായികയാണ് സന്ധ്യ മുഖോപാധ്യയ എന്നു കൂടി വിളിക്കപ്പെടുന്ന സന്ധ്യ മുഖര്‍ജി. ബംഗാളിക്കു പുറമെ ഇതരഭാഷകളിലും പാടിയിട്ടുണ്ട്. 2011ല്‍ ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ബംഗാള്‍ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.