ന്യൂദല്‍ഹി- രാജ്യത്തിന്റെ സൈനികശക്തിയും സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതിയ റിപബ്ലിക് ദിന പരേഡിന് സമാപനമായി. ഒന്നര മണിക്കൂര്‍ നീണ്ട പരേഡ് കോവിഡ് സാഹചര്യത്തിലും വര്‍ണാഭമായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച പരേഡ്, യുദ്ധവിമാനങ്ങളുടെ ശക്തിപ്രകടനത്തോടെയാണ് സമാപിച്ചത്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദര്‍ശകരെ ചുരുക്കി, കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡ് രാജ്പഥില്‍ ആരംഭിച്ചു. സൈനിക ശക്തി വിളിച്ചോതുന്ന പരേഡില്‍ രാഷ്ടപതി സല്യൂട്ട് സ്വീകരിച്ചു.
25 നിശ്ചല ദൃശ്യങ്ങള്‍ ഇത്തവണ പരേഡിലുണ്ടായി. 12 എണ്ണം വിവിധ സംസ്ഥാനങ്ങളുടേതും ബാക്കി വിവിധ മന്ത്രാലയങ്ങളുടേതുമായിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാന്‍ഡ് ഫ്‌ളൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങള്‍ എന്നിവ പരേഡിന് ചാരുതയേകി.