ന്യൂദല്‍ഹി- ഭര്‍ത്താവായ സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇരുവരും സൈന്യത്തില്‍ മേജര്‍മാരാണ്.
ഉത്തരമേഖലയിലെ സൈനിക യൂണിറ്റില്‍ ഉദ്യോഗസ്ഥയായ വനിതാ മേജറും സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോയുമാണ് നടപടിക്ക് വിധേയരായത്. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇവരുടെ ശാരീരിക ബന്ധവും വ്യക്തമായതിനെ തുടര്‍ന്നാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്.
സൈന്യത്തിന്റെ ജമ്മു കശ്മീര്‍ മേഖലയിലെ ഒരു യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെന്ന് സൈന്യത്തിന്റെ ഉത്തരമേഖലാ ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ചട്ടങ്ങള്‍ക്കും ധാര്‍മികതയ്ക്കും നിരക്കാത്തവിധത്തിലുള്ള പെരുമാറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതായി വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി സൈനിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം നടന്നത്. ഭര്‍ത്താവുമായി വനിതാ ഓഫീസര്‍ക്കുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും തെളിവായി ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചത്.
ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷ സാഹചര്യം നേരിടുന്നതിനായി കശ്മീരിലേക്ക് നിയോഗിക്കപ്പെട്ട സംഘത്തിലാണ് നടപടിക്ക് വിധേയരായ സൈനികോദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്. നിരവധി സൈനിക നടപടികളില്‍ പങ്കാളിയായ വനിതാ ഉദ്യോഗസ്ഥ സൈനിക ബഹുമതികളും നേടിയിട്ടുണ്ട്.