ബാങ്കോക്- കഞ്ചാവ് ഉപയോഗത്തിനുള്ള നിയമപരമായ വിലക്ക് നീക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി തായ്‌ലന്‍ഡ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രിത മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവ് ഒഴിവാക്കുന്നതിന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി അനുതിന്‍ ചര്‍നവിരകുല്‍ പറഞ്ഞു. ഈ പട്ടികയില്‍ കഞ്ചാവ് ഒഴിവാക്കുന്നതായി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചാല്‍ 120 ദിവസങ്ങള്‍ക്കു ശേഷം പ്രാബല്യത്തില്‍ വരും. അതേസമയം ഇതു സംബന്ധിച്ച അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്. ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നീട് കഞ്ചാവ് കൈവശം വെക്കുന്നത് ഒരു കുറ്റകൃത്യമായി തന്നെ തുടരുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് പോലീസും നിയമവിദഗ്ധരും പറഞ്ഞതായി എപി റിപോര്‍ട്ട് ചെയ്യുന്നു.
കഞ്ചാവിന് വിലക്കേര്‍പ്പെടുത്തുന്ന നിലവിലെ നിയമത്തിന് അനുബന്ധമായുള്ള മറ്റു നിയമങ്ങളും കൂടി ചേരുമ്പോള്‍ അല്‍പകാലത്തേക്കു കൂടി കഞ്ചാവ് ഉല്‍പ്പാദിപ്പിക്കുന്നതും കൈവശംവെക്കുന്നതും നിയന്ത്രിക്കപ്പെടും. എന്നാല്‍ വിനോദത്തിന് കഞ്ചാവ് ഉപയോഗിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയും ചെയ്യുന്നു. 2020ല്‍ മരുന്ന് ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് തായ്‌ലന്‍ഡ് നീക്കിയിരുന്നു.