ന്യൂദല്‍ഹി- ഓഹരി വിപണിയിലെ മുടിചൂടാ മന്നനായ ഇന്‍വെസ്റ്റര്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ വിമാന കമ്പനി ആകാശ എയറിന്റെ ആദ്യ വിമാനം മേയ് അവസാനത്തോടെയോ ജൂണ്‍ അദ്യത്തിലോ പറന്നു തുടങ്ങും. ഇതിനായി സര്‍ക്കാരുമായും ഡിജിസിഎയുമായും ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കി വരികയാണെന്നും കമ്പനി സിഇഒ വിനയ് ദുബെ പറഞ്ഞു. കമ്പനി സ്വന്തമാക്കുന്ന ആദ്യ വിമാനമായ ബോയിങ് 737 മാക്‌സ് ഏപ്രിലില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ രംഗത്ത് ദീര്‍ഘകാല വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ടാണ് ജുന്‍ജുന്‍വാല വ്യോമയാന രംഗത്തേക്ക് ചുവട് വച്ചത്. 2023ഓടെ 18 വിമാനങ്ങളുമായി പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി.
വ്യോമയാന രംഗത്ത് ഇപ്പോഴുള്ള പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഈ ഘട്ടവും കടന്നു പോകുമെന്നും ദുബെ പറഞ്ഞു. ദീര്‍ഘകാല ഭാവിയിലേക്കു നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് വലിയ വളര്‍ച്ചയാണ് വരാനിരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെലവ് കുറഞ്ഞ യാത്രയ്ക്ക് അവസരമൊരുക്കുന്ന ബജറ്റ് വിമാന കമ്പനി ആയി തുടങ്ങാനാണ് ആകാശ എയറിന്റെ പദ്ധതി. മികച്ച ഇന്ധന ക്ഷമതയുള്ള വിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോയിങിന്റെ 737 മാക്‌സ് വിമാനങ്ങളാണ് കമ്പനി വാങ്ങുന്നത്. 72 വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. രണ്ടാം നിര, മുന്നാം നിര നഗരങ്ങളെ ബന്ധിപ്പിച്ചും മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുമുള്ള സര്‍വീസുകളുമായാണ് തുടങ്ങുകയെന്നും ദുബെ പറഞ്ഞു.