കയ്‌റോ- നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ അറബി ഭാഷാ ചിത്രം ഈജിപ്തില്‍ വിവാദമായി. അധാര്‍മ്മികത പ്രോത്സാഹിപ്പിക്കുന്നതും പരമ്പരാഗത മൂല്യങ്ങളെ തുരങ്കം വെക്കുന്നതുമാണ് ചിത്രമെന്നാണ് വിമര്‍ശനം.
ഡിയറസ്റ്റ് ഫ്രണ്ട്‌സ് എന്ന സിനിമ, ലൈംഗിക ഇടപാടുകളുടെയും വിവാഹേതര ബന്ധങ്ങളുടെയും ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ കഥാപാത്രങ്ങള്‍ മദ്യം കഴിക്കുന്നത് കാണിക്കുന്നു.
2016-ലെ ഹിറ്റ് ഇറ്റാലിയന്‍ ചിത്രമായ പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സിന്റെ റീമേക്കാണ് ലെബനനില്‍ ചിത്രീകരിച്ചിരിക്കുന്ന ഡിയറസ്റ്റ് ഫ്രണ്ട്‌സ്. ഈജിപ്ഷ്യന്‍ അഭിനേതാക്കളും സിനിമാ നിരൂപകരും ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്താഴത്തിന് കണ്ടുമുട്ടുന്ന ഏഴ് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. പുതിയ സന്ദേശങ്ങളോ കോളുകളോ എല്ലാവര്‍ക്കും കാണാന്‍ അനുവദിക്കുന്ന തരത്തില്‍, എല്ലാവരും അവരുടെ മൊബൈല്‍ ഫോണുകള്‍ മേശപ്പുറത്ത് വയ്ക്കുന്ന ഒരു ഗെയിം കളിക്കാന്‍ അവര്‍ തീരുമാനിക്കുന്നു.
തത്ഫലമായുണ്ടാകുന്ന ചര്‍ച്ചകളും വാദങ്ങളുമാണ് നിയമലംഘനമെന്ന് ആരോപിക്കപ്പെടുന്നത്.
സിനിമാപ്രവര്‍ത്തകരെ കുറിച്ച് ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി എം.പിയും പ്രശസ്ത ടിവി ജേണലിസ്റ്റുമായ മുസ്തഫ ബക്രി പറഞ്ഞു. 'ഈജിപ്ഷ്യന്‍, അറബ് സമൂഹങ്ങളുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും ലക്ഷ്യമിടുന്ന സിനിമയല്ലാത്തതിനാല്‍' നെറ്റ്ഫ്‌ളിക്‌സുമായുള്ള സഹകരണം നിര്‍ത്താന്‍ ബക്രി രാജ്യത്തെ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.
'സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു' എന്ന് ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ താന്‍ കേസ് ഫയല്‍ ചെയ്തതായി ഈജിപ്ഷ്യന്‍ അഭിഭാഷകന്‍ അയ്മാന്‍ മഹ്ഫൂസ് പറഞ്ഞു. സിനിമയില്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി കഥാപാത്രത്തെ ഉള്‍പ്പെടുത്തിയതാണ് ഈ ആരോപണത്തിന് കാരണം.
കെയ്റോ 24 വെബ്സൈറ്റ് പ്രകാരം ചിത്രം ഈജിപ്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന് നിയമപരമായ മുന്നറിയിപ്പ് അയച്ചിട്ടുണ്ടെന്നും മഹ്ഫൂസ് പറഞ്ഞു.