Sorry, you need to enable JavaScript to visit this website.

VIDEO ചോദ്യം ചോദിച്ച റിപോര്‍ട്ടറെ തെറി വിളിച്ച് ബൈഡന്‍; മൈക്ക് ഓഫ് ചെയ്യാത്തത് വിനയായി

വാഷിങ്ടന്‍- വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനം കഴിഞ്ഞിറങ്ങുന്നതിനിടെ ഉന്നയിച്ച ചോദ്യം ഇഷ്ടപ്പെടാത്ത പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമപ്രവര്‍ത്തകനെ തെറി വിളിച്ചു. വാര്‍ത്താ സമ്മേളനത്തിനു ശേഷം ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോക്‌സ് ന്യൂസ് റിപോര്‍ട്ടര്‍ പണപ്പെരുപ്പത്തെ കുറിച്ച് ചോദിച്ചത്. പരപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാകുമോ എന്നായിരുന്നു ചോദ്യം. വാര്‍ത്താ സമ്മേളനം അവസാനിച്ചിരുന്നെങ്കിലും മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ ബൈഡന്‍ ഈ ചോദ്യത്തെ പരിഹസിക്കുകയും റിപോര്‍ട്ടറെ തെറിവിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. തീവ്ര വലതുപക്ഷത്തിന്റെ ഇഷ്ട വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസ് റിപോര്‍ട്ടര്‍ പീറ്റര്‍ ഡൂക്കിയെ 'സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്ച്' എന്ന ഇംഗ്ലീഷുകാരുടെ നാടന്‍ തെറിയാണ് വിളിച്ചത്.

പണപ്പെരുപ്പം വലിയ മുതല്‍ക്കൂട്ടാണ്. കൂടുതല്‍ പണപ്പെരുപ്പമാണ് വേണ്ടത്- എന്ന് പരിഹാസ മറുപടിക്കു ശേഷമാണ് ബൈഡന്‍ തെറി കൂടി വിളിച്ചത്. ഈ സമയത്ത് ഹാളിലെ ബഹളങ്ങള്‍ക്കിടയില്‍ റിപോര്‍ട്ടര്‍ ഇതു ശരിയായി കേട്ടിരുന്നില്ല. പിന്നീട് പുറത്തു വന്ന വിഡിയോയിലാണ് ബൈഡന്റെ ശബ്ദം വ്യക്തമായി കേട്ടത്. പിന്നീട് റിപോര്‍ട്ടര്‍ ചാനലിലൂടെ പരിഹാസ രൂപേണ പ്രതിഷേധിക്കുകയും ചെയ്തു. ബൈഡന്‍ പറഞ്ഞത് ശരിയല്ലെന്ന് ആരും പരിശോധിച്ച് ഉറപ്പുവരുത്തിയില്ല എന്നായിരുന്നു പീറ്റര്‍ ഡൂക്കിയുടെ പ്രതികരണം. 

തെറിവിളി വിഡിയോ ട്വിറ്ററില്‍ വൈറലായതോടെ ഒരു മണിക്കൂറിനകം ബൈഡന്‍ തന്നെ വിളിച്ചെന്നും, 'ഇതില്‍ വ്യക്തിപരമായി ഒന്നുമില്ല സുഹൃത്തെ' എന്നു പറഞ്ഞതായും റിപോര്‍ട്ടര്‍ പീറ്റര്‍ ഡൂക്കി പിന്നീട് പറഞ്ഞു. 

ഈ അമളി സമ്മതിക്കാന്‍ വൈറ്റ് ഹൗസ് വിമുഖത കാട്ടിയതുമില്ല. ബൈഡന്റെ തെറി കമന്റ് ഉള്‍പ്പെടെ സംഭവത്തിന്റെ ഒരു ട്രാന്‍സ്‌ക്രിപ്റ്റ് വൈറ്റ് പ്രസിദ്ധീകരിച്ചതോടെ ഈ തെറിവിളി  ഔദ്യോഗിക ചരിത്രരേഖേയുടേയും ഭാഗമായി.

Latest News