റിയാദ് - ഏഴു വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പായി വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും മനഃപാഠമാക്കിയ ബാലികമാര്‍ക്ക് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ ആദരം. റിയാദില്‍ ഇസ്ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്തെ ഓഫീസില്‍ സ്വീകരിച്ചാണ് സൗദി ഇരട്ട സഹോദരിമാരായ റഗദിനെയും ഹനീനെയും മന്ത്രി ആദരിച്ചത്. കുഞ്ഞുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ബാലികമാരുടെ കാര്യത്തില്‍ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ബാലികമാരെ മാതാപിതാക്കള്‍ നല്ല രീതിയില്‍ വളര്‍ത്തിയതിനെ മന്ത്രി അഭിനന്ദിച്ചു.
ബാലികമാര്‍ക്ക് മന്ത്രി പാരിതോഷികവും ഉപഹാരങ്ങളും സമ്മാനിച്ചു. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമാണ് ഉപഹാരങ്ങള്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. തന്നെയും മക്കളെയും ഊഷ്മളമായി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്ത ഇസ്ലാമികകാര്യ മന്ത്രിക്ക് കുട്ടികളുടെ പിതാവ് ശൈഖ് മുഹമ്മദ് ഹബീബ് നന്ദി പറഞ്ഞു. മന്ത്രിയുടെ ആദരം കുട്ടികള്‍ക്കുള്ള ബഹുമതിയും അഭിമാനവുമായി തങ്ങള്‍ കാണുന്നതായും ശൈഖ് മുഹമ്മദ് ഹബീബ് പറഞ്ഞു.