മലപ്പുറം- പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മലപ്പുറം സ്വദേശിനിയായ 16-കാരി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്.
വണ്ടൂര്‍ സ്വദേശിയാണ് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം.