ഇടുക്കി- ചെരിവുള്ള ഭൂഘടനയിൽ പെയ്തിറങ്ങിയ പെരുമഴയും അശാസ്ത്രീയ കൃഷിയും നിർമാണങ്ങളുമാണ് കഴിഞ്ഞ ഒക്ടോബർ 16 ന് 17 ജീവൻ കവരുകയും 800 വീടുകൾ തകരുകയും ചെയ്ത കൂട്ടിക്കൽ-കൊക്കയാർ ഉരുൾപൊട്ടലിന് കാരണമെന്ന് പഠന റിപ്പോർട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെന്റർ ഫോർ നാച്ചുറൽ റിസോർസ് മാനേജ്മെന്റ് എന്നിവ സംയുക്തമായാണ് ദുരന്തബാധിത മേഖലകളിൽ പഠനം നടത്തിയത്.
കോട്ടയം-ഇടുക്കി ജില്ലകളിലായി ആറിടങ്ങളിലാണ് ഉരുൾപൊട്ടൽ നാശം വിതച്ചത്. ഇതിൽ അഞ്ചിന്റെയും ഉത്ഭവം വാസസ്ഥലത്തിനു മുകളിലുള്ള റബർതോട്ടങ്ങളിലാണ്. ആറു ജീവനപഹരിച്ച കൂട്ടിക്കലിലെ മലയിടിച്ചിൽ തുടങ്ങിയത് വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും. ഒക്ടോബർ 16 രാവിലെ 8.30 മുതൽ 17 രാവിലെ 8.30 വരെ പ്രദേശത്ത് രേഖപ്പെടുത്തിയ മഴയുടെ അളവ് 240 മി.മീറ്ററിൽ അധികമാണ്. ഏന്തയാറിൽ ദുരന്തദിവസം രാവിലെ 8 മുതൽ 11 വരെ ലഭിച്ച മഴ 110 മി.മീറ്ററും ഉച്ചക്കു ശേഷം 70 മി.മീറ്ററുമാണ്. മീനച്ചിൽ നദീസംരക്ഷണ സമിതി ശേഖരിച്ച വിവരം അനുസരിച്ച് രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ 145 മില്ലിമീറ്റർ മഴ പൂഞ്ഞാറിലും 235 മില്ലിമീറ്റർ മഴ പീരുമേട്ടിലും ലഭിച്ചിട്ടുണ്ട്. ഈ ഉപനീർത്തടം കേന്ദ്രീകരിച്ച് അതിതീവ്രമഴ പെയ്തതാണ് ദുരന്തത്തിന് പ്രേരകഘടകമായത്.
2010 ൽ തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് അപകട മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 25 ഡിഗ്രിയിൽ കൂടുതലുള്ള ചെരിവ്, ആപേക്ഷിക നിന്മോന്നതി, ദുർബലവും കനം കൂടുതലുള്ളതുമായ ദ്രവിച്ച പാറയും മേൽമണ്ണും കൂടിച്ചേർന്ന ഉപരിതലം (3 മുതൽ 4 വരെ മീറ്റർ ആഴം), താഴെയുള്ള ദ്രവിച്ച പാറകളിലുള്ള വിള്ളലുകളുടെ ദിശയും വിന്യാസവും, മണ്ണിന്റെ സ്വഭാവം, ജലസംഭരണശേഷി എന്നിവയെല്ലാം പ്രകൃതി ദുരന്തത്തിന് ആക്കം കൂട്ടി.
ചെരിവ് കൂടിയ പ്രദേശങ്ങളിൽ പുതിയ നിർമിതികൾ പാടില്ല, അപകട മേഖലയായി കണ്ടെത്തിയ സ്ഥലങ്ങളിൽ പാറമടകൾ വിലക്കണം, കൃഷിരീതികളിൽ സമഗ്ര മാറ്റം കൊണ്ടുവരണം എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ. ഓരോ പഞ്ചായത്തിലും പ്രത്യേക ദുരന്ത നിവാരണ രേഖ ഉണ്ടാവണം. മഴയുടെ തീവ്രത കൂടിവരാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള സുരക്ഷാ മാർഗങ്ങളുണ്ടാകണം.
അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ റെയിൻ ഗേജ് സ്ഥാപിക്കുകയും കനത്ത മഴ പെയ്യുന്ന സമയത്തു മുന്നറിയിപ്പുകൾ നൽകുകയും വേണം. നീർത്തടാധിഷ്ഠിത ആസൂത്രണമാണ് ഭാവിയിൽ കൊണ്ടുവരേണ്ടതെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ മുൻ ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ, ജിയോളജിസ്റ്റുകളായ ആനന്ദ് സെബാസ്റ്റ്യൻ, വിവേക് അശോകൻ എന്നിവരാണ് പഠനം നടത്തിയത്.