കൊച്ചി- സിനിമാ നടൻ ടിനി ടോമിന്റെ സൈബർ പരാതിയിൽ മിനിറ്റുകൾക്കുള്ളിൽ പ്രതിയെ കണ്ടുപിടിച്ച് എറണാകുളം റൂറൽ പോലീസ്. ടിനി ടോമിനെ ഫോണിലൂടെ നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞ കണ്ണൂർ സ്വദേശിയായ ഷിയാസിനെയാണ് പോലീസ് പിടികൂടിയത്. എന്നാൽ ടിനി ടോമിനോട് നിരുപാധികം മാപ്പുചോദിച്ചതോടെ ഇയാൾക്കെതിരായ പരാതി പിൻവലിച്ച് കേസ് ഒത്തുതീർപ്പാക്കി.
മാസങ്ങളായി ഷിയാസ് ടിനി ടോമിനെ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുന്നു എന്നായിരുന്നു പരാതി. ഫോൺ വിളി സഹിക്കാൻ പറ്റാതെയായതോടെ ഫോൺ നമ്പർ ടിനി ടോം ബ്ലോക്ക് ചെയ്തു. അപ്പോൾ മറ്റ് നമ്പറിൽ നിന്നായി വിളി. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ആണ് നടൻ ആലുവയിലുള്ള സൈബർ പോലീസിന്റെ ഓഫീസിൽ പരാതി നൽകിയത്. എറണാകുളം റൂറൽ എസ്.പി കാർത്തിക്കിന്റെ നിർദേശപ്രകാരം പോലീസ് നടപടികൾ വേഗത്തിലാക്കി. പോലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഷിയാസിനെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയിൽ ആണ് താൻ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു. ഇനി ഇത് ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി. ഈ സാഹചര്യത്തിൽ ടിനി ടോം പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു. മനഃപ്പൂർവം പ്രകോപനം ഉണ്ടാക്കി അത് ഫോണിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഷിയാസിന്റെ ലക്ഷ്യമെന്ന് ടിനി ടോം പറയുന്നു. പരാതി നൽകി മിനിറ്റുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തിയ പോലീസിന് സാമൂഹ്യമാധ്യമങ്ങളിലൂടെ ടിനി ടോം നന്ദി പറഞ്ഞു.