ചെന്നൈ- തമിഴര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് തമിഴ് പേരിടണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന വിവാഹവിരുന്നില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നപ്പോഴാണ് സ്റ്റാലിന്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ആറുമക്കളില്‍ അഞ്ചുപേര്‍ക്കും തമിഴ് പേരുനല്‍കിയ അച്ഛന്‍ കരുണാനിധി തന്റെ കാര്യത്തില്‍ മാതൃഭാഷാസ്‌നേഹം വെടിഞ്ഞതിന്റെ കാരണവും മുഖ്യമന്ത്രി വിശദീകരിച്ചു. കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആദരസൂചകമായിട്ടാണ് കരുണാനിധി മകന് സ്റ്റാലിന്‍ എന്ന പേര് നല്‍കിയത്. കരുണാനിധിക്ക് മൂന്നാമത്തെ മകന്‍ ജനിച്ച് നാലുനാള്‍ കഴിഞ്ഞായിരുന്നു സ്റ്റാലിന്‍ അന്തരിച്ചത്. ഈ വിവരം അറിഞ്ഞ കരുണാനിധി ചെന്നൈയില്‍ നടന്ന പൊതുയോഗത്തില്‍ മകന് സ്റ്റാലിന്‍ എന്നു പേരിട്ടതായി പ്രഖ്യാപിച്ചു. തനിക്കിടാന്‍ അച്ഛന്‍ ആദ്യം തീരുമാനിച്ചിരുന്നത് അയ്യാദുരൈ എന്ന പേരായിരുന്നുവെന്നും സ്റ്റാലിന്‍ വെളിപ്പെടുത്തി.