ചിറ്റൂര്‍- ആന്ധപ്രദേശില്‍ മോഷണം ആരോപിച്ച് അറസ്റ്റ് ചെയ്ത സ്ത്രീയെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനിലത്തിച്ച് മര്‍ദിച്ചുവെന്നാണ് വീട്ടുവേല ചെയ്യുന്ന എം.ഉമാമഹേശ്വരിയുടെ പരാതി.
തൊഴിലുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന് സമ്മതിക്കാനാണ് ചിറ്റൂര്‍-1 പോലീസ് സ്‌റ്റേഷനില്‍വെച്ച് മര്‍ദിച്ചതെന്ന് തെലുഗുദേശം പാര്‍ട്ടി (ടി.ഡ.ി.പി) ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉമാമഹേശ്വരി പറയുന്നു.
ചിറ്റൂര്‍ ജില്ലാ ജയില്‍ സൂപണ്ട് വേണുഗോപാല്‍ റെഡ്ഢിയുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. പ്രതിദിന ജോലിക്കായി വീട്ടിലെത്തിയപ്പോള്‍ രണ്ടു ലക്ഷം രൂപ കാണാതായതിനെ ചൊല്ലി വേണുഗോപാലും ഭാര്യയും തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു.
തന്നോട് അന്വേഷിച്ചപ്പോള്‍ പണം കണ്ടിട്ടില്ലെന്ന് മറുപടി നല്‍കിയെങ്കിലും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉമാഹേശ്വരിയേയും ഭര്‍ത്താവിനേയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. മോഷണം സമ്മതിച്ച് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് ഉമാമഹേശ്വരി പറഞ്ഞു. ഇരുട്ടുമുറിയിലടച്ചാണ് പോലീസുകാര്‍ മര്‍ദിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ചിറ്റൂര്‍ 1 പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ റാവു രംഗത്തുവന്നു.