മുംബൈ- ബിജെപിയുമായി സഖ്യത്തില്‍ കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും അവര്‍ തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ശിവ സേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ആരോപിച്ചു. ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ശിവസേന ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നത്. അധികാരത്തിന് വേണ്ടി ശിവ സേന ഒരിക്കലും ഹിന്ദുത്വയെ ഉപയോഗിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവ സേന. ബിജെപിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് തന്റെ വിശ്വാസമെന്നും ഉദ്ധവ് പറഞ്ഞു. ശിവ സേനാ പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ്.
ബിജെപി തങ്ങളെ ചതിച്ചതു കൊണ്ടും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയതു കൊണ്ടുമാണ് 2019ല്‍ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായും എന്‍സിപിയുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കിയത്. ബിജെപിയുടെ ദേശീയ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. ദേശീയ തലത്തില്‍ ബിജെപി നയിക്കുകയും മഹാരാഷ്ട്ര ശിവ സേന നോക്കുകയും ചെയ്യട്ടെ എന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ. എന്നാല്‍ അവര്‍ ഞങ്ങളെ വഞ്ചിച്ച് സ്വന്തം വീട്ടില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തിരിച്ചടിക്കേണ്ടി വന്നു- ഉദ്ധവ് പറഞ്ഞു.